കാലം മാറി, വാഹനത്തിരക്കേറി; പുളിങ്ങോം പുഴയ്ക്ക് പുതിയൊരു പാലം വേണം
1531387
Sunday, March 9, 2025 7:49 AM IST
പാലാവയൽ: കണ്ണൂർ-കാസർഗോഡ് ജില്ലകളുടെ കിഴക്കേയറ്റങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പുളിങ്ങോം-പാലാവയൽ പാലത്തിന് വീതികുറവും വാഹനത്തിരക്കും മൂലം ശ്വാസംമുട്ടുന്നു. ബസുകളടക്കമുള്ള വലിയ വാഹനങ്ങൾക്ക് ഒരേസമയം ഇരുവശങ്ങളിലേക്കും കടന്നുപോകാനുള്ള വീതി പാലത്തിനില്ല. വലിയ വാഹനങ്ങൾ വരുമ്പോൾ സ്കൂൾ കുട്ടികളടക്കമുള്ള കാൽനടയാത്രക്കാർക്ക് പാലത്തിന്റെ ഓരത്ത് പൈപ്പുകൾക്കു മുകളിൽ ഞെരുങ്ങിനിൽക്കേണ്ട അവസ്ഥയാണ്.
മലയോരത്തിന് പുതിയ വികസനമാതൃക തീർത്തുകൊണ്ട് ജനകീയ പങ്കാളിത്തത്തോടെ നിർമിക്കപ്പെട്ട പാലം നിലനിർത്തിക്കൊണ്ടുതന്നെ പുതിയ കാലത്തിന്റെ വികസന ആവശ്യങ്ങൾ പരിഗണിച്ച് അതിന് സമാന്തരമായി പുതിയൊരു പാലം കൂടി നിർമിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. ജനകീയ പങ്കാളിത്തത്തോടെ നിർമിച്ച പുളിങ്ങോം-പാലാവയൽ പാലം 1995 ൽ എ.കെ. ആന്റണി സർക്കാരിന്റെ കാലത്താണ് ഉദ്ഘാടനം ചെയ്തത്. ഈസ്റ്റ് എളേരി, അവിഭക്ത പെരിങ്ങോം-വയക്കര പഞ്ചായത്തുകളിലെ ജനങ്ങളുടെ വിപുലമായ സാമ്പത്തിക സഹായത്തോടെ ഒരു ഇരുമ്പ് ഗർഡർ പാലം നിർമിക്കാനാണ് തുടക്കത്തിൽ ഉദ്ദേശിച്ചിരുന്നത്.
പിന്നീടാണ് എസ്റ്റിമേറ്റ് തുകയുടെ 40 ശതമാനം പൊതുജനങ്ങൾ വഹിക്കുകയാണെങ്കിൽ കോൺക്രീറ്റ് പാലം തന്നെ നിർമിച്ചുതരാമെന്ന നിർദേശം സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. 1991 ൽ ഉമ്മൻചാണ്ടി ധനകാര്യമന്ത്രിയായിരിക്കേ പൊതുജനങ്ങളുടെ വിഹിതം 20 ശതമാനമായി കുറച്ചു.
ഇങ്ങനെ പാലം നിർമാണത്തിന് ആകെ ചെലവഴിച്ച 31.5 ലക്ഷം രൂപയുടെ 20 ശതമാനമായ ആറുലക്ഷം രൂപയാണ് പൊതുജനങ്ങളുടെ വിഹിതമായി നല്കിയത്. പൊതുജനങ്ങൾ സംഭാവനയായി നല്കിയ ബാക്കി തുക ഉപയോഗിച്ച് പാലത്തിന്റെ ഇരുവശങ്ങളിലും നിലവിലുള്ള സമീപനറോഡുകളും നിർമിച്ചു. പുളിങ്ങോം-പാലാവയൽ മേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിന്റെ നാഴികക്കല്ലായിരുന്നു പുളിങ്ങോം പാലത്തിന്റെ നിർമാണം. പുഴയ്ക്കു കുറുകേ അപകടകരമായ പാണ്ടിയാത്രയും പിന്നീട് കമ്പിപ്പാലവും കഴിഞ്ഞ് കോൺക്രീറ്റ് പാലം വന്നതോടെയാണ് ഇതുവഴി പാലാവയൽ-തയ്യേനി റൂട്ടിൽ ബസ് സർവീസുകളുൾപ്പെടെ തുടങ്ങിയത്.
മലയോരത്തിന്റെ അങ്ങേയറ്റത്തുള്ള പുളിങ്ങോം, ജോസ്ഗിരി, കോഴിച്ചാൽ, തിരുമേനി, പാലാവയൽ, തയ്യേനി, കാറ്റാംകവല തുടങ്ങിയ പ്രദേശങ്ങളിലുള്ളവർക്ക് ചെറുപുഴ, ചിറ്റാരിക്കാൽ ടൗണുകൾ ചുറ്റിസഞ്ചരിക്കാതെ നേരിട്ട് ഇരുവശങ്ങളിലേക്കും യാത്രചെയ്യാൻ വഴിയൊരുങ്ങി.
പുളിങ്ങോം പുഴയ്ക്ക് കുറുകേ വീതിയുള്ള പുതിയ പാലം വന്നാ ഉദയഗിരി, ചെറുപുഴ, ഈസ്റ്റ് എളേരി, ബളാൽ പഞ്ചായത്തുകളിലെ കിഴക്കൻ മലയോര ടൗണുകളെ തമ്മിൽ നേരിട്ട് ബന്ധപ്പെടുത്തി വാഹനഗതാഗതത്തിനും കൂടുതൽ ബസ് സർവീസുകൾക്കും സൗകര്യമൊരുങ്ങും.
മണക്കടവ് മുതൽ കാറ്റാംകവല, മാലോം വരെയുള്ള പ്രദേശങ്ങൾക്കിടയിൽ കുറഞ്ഞ ദൂരത്തിൽ ബസ് സർവീസുകൾ തുടങ്ങാനാകും. മലയോരഹൈവേയ്ക്ക് സമാന്തരമായി മറ്റൊരു റോഡ് കൂടി വികസിക്കുന്നത് മലയോരത്തിന്റെ അടിസ്ഥാനസൗകര്യവികസനത്തിനും വിനോദസഞ്ചാരവികസനത്തിനും മുതൽക്കൂട്ടാകും. പഴയ പാലത്തെ ചെറുവാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും മാത്രമായോ വൺവേ ആയോ ഉപയോഗപ്പെടുത്താനും കഴിയും.