അജാനൂർ തുറമുഖം: കേന്ദ്രസംഘം സ്ഥലപരിശോധന നടത്തി
1514262
Saturday, February 15, 2025 1:51 AM IST
കാഞ്ഞങ്ങാട്: നിർദിഷ്ട അജാനൂർ മത്സ്യബന്ധന തുറമുഖത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനു കീഴിലുള്ള ഉദ്യോഗസ്ഥസംഘം സ്ഥലപരിശോധന നടത്തി. തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ 200 കോടി രൂപയുടെ പദ്ധതി രേഖ തയ്യാറാക്കി കേന്ദ്രസർക്കാരിന് സമർപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളും തുറമുഖം നിർമിക്കുന്നതുമായി ബന്ധപ്പെട്ട മറ്റു പ്രായോഗികപ്രശ്നങ്ങളുമാണ് സംഘം വിലയിരുത്തിയത്.
കേന്ദ്ര ഫിഷറീസ് ഡവലപ്മെന്റ് ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ പോത്തൂരി നെഹ്റു, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റൽ എൻജിനീയറിംഗ് ഫോർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ രവിശങ്കർ, സീനിയർ ഇക്കണോമിക് ഇൻവസ്റ്റർ ദിനേശ് കുമാർ സോണി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ജനപ്രതിനിധികളും നാട്ടുകാരുമായും ഹാർബർ എൻജിനീയറിംഗ് വകുപ്പ് ഉദ്യോഗസ്ഥരുമായും സംഘം ആശയവിനിമയം നടത്തി. അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ, വൈസ് പ്രസിഡന്റ്ന്റ് കെ. സബീഷ്, വാർഡ് അംഗം കെ. രവീൻന്ദ്രൻ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ലത്തീബ് എന്നിവർ സംബന്ധിച്ചു.
ഇവിടെ തുറമുഖം സ്ഥാപിക്കപ്പെടുമ്പോൾ കാഞ്ഞങ്ങാട് നഗരസഭയുടെയും അജാനൂർ, പള്ളിക്കര പഞ്ചായത്തുകളുടെയും തീരദേശ മേഖലകളിലെ മത്സ്യത്തൊഴിലാളികൾക്ക് സുരക്ഷിതമായി കടലിലിറങ്ങാനും യാനങ്ങൾ അടുപ്പിക്കാനും മെച്ചപ്പെട്ട നിലയിൽ മത്സ്യവിപണനം നടത്താനും സൗകര്യമൊരുക്കാൻ കഴിയുമെന്ന് നാട്ടുകാരും ജനപ്രതിനിധികളും കേന്ദ്രസംഘത്തെ ധരിപ്പിച്ചു. സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുറമുഖനിർമാണത്തിന് കേന്ദ്ര സർക്കാരിന്റെ അംഗീകാരവും ധനസഹായവും ലഭിക്കുക.