മംഗളൂരു റെയില്‍വേ പോലീസിന്റെ ക്രൂരമര്‍ദനത്തിനിരയായ റിട്ട. എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്റെ കാല് മുറിച്ചുമാറ്റി
1514261
Saturday, February 15, 2025 1:51 AM IST
ഷൈബിന് ജോസഫ്
കാഞ്ഞങ്ങാട്: കര്‍ണാടക മംഗളൂരു റെയില്‍വേ പോലീസിന്റെ കണ്ണില്‍ച്ചോരയില്ലാത്ത ക്രൂരതയ്ക്ക് മലയാളിയായ റിട്ട. എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് വിലയായി നല്‍കേണ്ടിവന്നത് സ്വന്തം കാല്. ഇന്ത്യന്‍ എയര്‍ഫോഴ്സിലെ ഗ്രൗണ്ട് ട്രെയിനിംഗ് ഇന്‍സ്ട്രക്ടര്‍ ആയിരുന്ന നീലേശ്വരം അങ്കക്കളരി അര്‍ച്ചനയിലെ പി.വി.സുരേശന് (49) ആണ് പോലീസിന്റെ ക്രൂരയ്ക്കിരയായത്. ഫെബ്രുവരി ഒന്നിന് രാവിലെ 10ഓടെയാണ് സംഭവം. മിലിട്ടറി കാന്റീനിലേക്ക് പോകാനായി നീലേശ്വരത്തുനിന്നും മംഗളൂരുവിലെത്തിയതായിരുന്നു സുരേശന്. ട്രെയിന്‍ ഇറങ്ങിയപ്പോള്‍ ക്ഷീണം അനുഭവപ്പെട്ടതിനെതുടര്‍ന്ന് പ്ലാറ്റ്ഫോമിലെ ബെഞ്ചില്‍ കിടന്നു.
അതുവഴി വന്ന പോലീസുകാര്‍ ഇവിടെ കിടക്കാന്‍ പാടില്ലെന്ന് പറഞ്ഞപ്പോള്‍, ക്ഷീണം തോന്നിയതു കൊണ്ടാണ് കിടന്നതെന്നും ഉടനെ തന്നെ എഴുന്നേറ്റ് പൊയ്ക്കോളാമെന്നും മറുപടി പറഞ്ഞു. കുറച്ചുകഴിഞ്ഞ് വീണ്ടും വന്ന പോലീസുകാര്‍ ഉറങ്ങിക്കിടന്ന സുരേശന്റെ കാല്‍മുട്ടിനു താഴെയായി ലാത്തി കൊണ്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഞെട്ടിയുണര്‍ന്ന സുരേശനെ വീണ്ടും പോലീസുകാര്‍ മര്‍ദിച്ചു. പേടിച്ചുപോയ സുരേശന് ബോധരഹിതനായി. രാത്രി 8.30ഓടെയാണ് അദ്ദേഹം വീട്ടിലേക്ക് ഫോണ്‍ വിളിക്കുന്നത്. രാവിലെ വീട്ടില്‍ നിന്നിറങ്ങിയ സുരേശന്റെ യാതൊരു വിവരവുമില്ലാത്തതിനാല്‍ ഭാര്യ ജയശ്രീയും മക്കളായ ഹൃദ്യയും ഹര്‍ഷയും ആകെ ആശങ്കയിലായിരുന്നു.
" പ്രഷര്‍, ഷുഗര്‍ പോലുള്ള യാതൊരു അസുഖങ്ങളും അച്ഛനുണ്ടായിരുന്നില്ല. പലതവണ ഫോണ്‍ വിളിച്ചിട്ടും റിംഗ് ചെയ്തെങ്കിലും ഫോണ്‍ എടുക്കാതായതോടെ ഞങ്ങള്‍ ആകെ പേടിച്ചു. പിന്നീട് രാത്രിയാണ് തിരിച്ചുവിളിക്കുന്നത്. തന്റെ കാല് തളര്‍ന്നിരിക്കുകയാണെന്നും ശരീരമാസകലം വേദനയാണെന്നും തീരെ വയ്യെന്നും പറഞ്ഞ് കരയുന്ന അച്ഛന്റെ സ്വരമാണ് കേട്ടത്. ആ സമയത്ത് ട്രെയിന്‍ ഇല്ലാത്തതിനാല്‍ ഞങ്ങള്‍ക്ക് മംഗളൂരുവിലേക്ക് പോകാന്‍ കഴിയുമായിരുന്നില്ല. പിന്നീട് മംഗളൂരു പോലീസിനെ വിളിച്ച് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പറഞ്ഞു. പോലീസുകാര്‍ അച്ഛനെ ഓട്ടോറിക്ഷയില്‍ കയറ്റി വെന്‍ലോക്ക് ആശുപത്രിയില്‍ കൊണ്ടുപോയി. പിറ്റേന്നു രാവിലെ ആറിനുള്ള ട്രെയിന്‍ ഞാനും അമ്മയും മംഗളൂരുവിലെ ആശുപത്രിയിലേക്ക് പോയി.'-മകള്‍ ഹൃദ്യ പറഞ്ഞു.
നടക്കാന്‍ ബുദ്ധിമുട്ടുള്ള സുരേശനെ അമ്മയും മകളും ചേര്‍ന്ന് വീട്ടിലെത്തിച്ചു. എന്നാല്‍ പോലീസ് മര്‍ദിച്ച കാര്യം സുരേഷ് ഭാര്യയോടും മകളോടും പറഞ്ഞിരുന്നില്ല. പിറ്റേദിവസം സുരേശന്റെ കാലുകള്‍ നീരു വയ്ക്കാന്‍ തുടങ്ങിയതോടെ നീലേശ്വരം സഹകരണ ആശുപത്രിയില്‍ കാണിച്ചെങ്കിലും വിദഗ്ധ ചികിത്സ തേടാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മംഗളൂരുവിലെ മുള്ളേഴ്സ് ആശുപത്രിയില്‍ പ്രവേശിച്ചു. അപ്പോഴാണ് പോലീസ് മര്‍ദനമേറ്റ വിവരം പറയുന്നത്.
അടിയുടെ ആഘാതത്തില്‍ ഇടതുകാലിന്റെ പേശികളും ഞരമ്പുകളും തകരുകയും സ്പര്‍ശനശേഷി നഷ്ടമാകുകയും ചെയ്തു. ശരീരത്തിലെ ക്രിയാറ്റിന്‍, പൊട്ടാസ്യം കൗണ്ട് എന്നിവ കൂടി. കൂടാതെ അണുബാധയെതുടര്‍ന്ന് രണ്ടു വൃക്കകളുടെയും പ്രവര്‍ത്തനം തകരാറിലായി. നെഞ്ചിലും അണുബാധയുണ്ടായി. ഫെബ്രുവരി മൂന്നു മുതല്‍ 11 വരെ ഐസിയുവില്‍ ഓക്സിജന്‍ സിലിണ്ടറിന്റെ സഹായത്തോടെയാണ് സുരേശന് ജീവന് നിലനിര്‍ത്തിയത്. 11നു നടത്തിയ ഓപ്പറേഷനില്‍ സുരേശന്റെ ഇടതുകാല് മുട്ടിനുമുകളില്‍ വച്ച് മുറിച്ചുമാറ്റി. ഇന്നലെയാണ് ഇദ്ദേഹത്തെ വാര്‍ഡിലേക്ക് മാറ്റുന്നത്.
അണുബാധയേല്ക്കാല് സാധ്യതയുള്ളതിനാല്‍ ഇനിയും കുറേനാള്‍ ആശുപത്രിയില്‍ തന്നെ കഴിയേണ്ടിവരും. ആശുപത്രി അധികൃതര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മംഗളൂരു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും അന്വേഷണം ആരംഭിച്ചിട്ടുപോലുമില്ല. കര്‍ണാടക ബെല്‍ഗാവിയിലെ എയര്‍മെന്‍ ട്രെയിനിംഗ് സ്കൂളില്‍ നിന്നാണ് സുരേശന് വിരമിച്ചത്. മൂത്തമകള്‍ ഹൃദ്യ ബിടെക് ബിരുദധാരിയും ഇളയമകള്‍ ഹര്‍ഷ ആറാംക്ലാസ് വിദ്യാര്‍ഥിനിയുമാണ്.