സ്വകാര്യസര്‍വകലാശാലകളെ അനുകൂലിച്ച് ബിനോയ് വിശ്വം
1514260
Saturday, February 15, 2025 1:51 AM IST
കാഞ്ഞങ്ങാട്: സ്വകാര്യസര്‍വകലാശാലകളെ അനുകൂലിച്ച് സിപിഐ ജില്ലാ സെക്രട്ടറി ബിനോയ് വിശ്വം. ഓള് കേരള സ്കൂള്‍ ടീച്ചേഴ്സ് യൂണിയന് സംസ്ഥാനസമ്മേളനത്തിന്റെ പ്രതിനിധിസമ്മേളനം മാണിക്കോത്ത് ഗ്രാൻഡ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വകാര്യ സര്‍വകലാശാല വിദ്യാഭ്യാസബില്‍ നടപ്പാക്കുന്നതിന് സര്‍ക്കാര്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. അതില്‍ കുറേ മാറ്റമുണ്ടായത് എകെഎസ്ടിയു ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങളുമായി ബന്ധമുള്ളവര്‍ നടത്തിയ ശ്രമങ്ങളുടെ ഫലമായാണ്. സ്വകാര്യസര്‍വകലാശാല വരുമ്പോള്‍ വിദ്യാഭ്യാസരംഗത്ത് ഇന്നു കാണുന്നതിനേക്കാള്‍ അപ്പുറത്തുള്ള വിജ്ഞാന സീമകളിലേക്ക് പോകാന്‍ സാധിക്കും. എകെഎസ്ടിയു ഇടതുപക്ഷ ശരികളെക്കുറിച്ചാണ് സംസാരിക്കുന്നത്. നാം ഉയര്‍ത്തുന്ന വിമര്‍ശനങ്ങളെല്ലാം എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്താനല്ല. ഇടതുപക്ഷം ദുര്‍ബലമായാല്‍ പ്രതീക്ഷിക്കാന്‍ ഒന്നും ബാക്കിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇ.ചന്ദ്രശേഖരന് എംഎല്‍എ അധ്യക്ഷത വഹിച്ചു. സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം പി.സന്തോഷ് കുമാര്‍ എംപി, ബികെഎംയു സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോവിന്ദന് പള്ളിക്കാപ്പില്‍, ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജയചന്ദ്രന് കല്ലിങ്കല്‍, സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി എന്‍. ശ്രീകുമാര്‍, കെജിഒഎഫ് സംസ്ഥാന സെക്രട്ടറിയേറ്റംഗം ഡോ. ഇ. ചന്ദ്രബാബു എന്നിവര്‍ സംബന്ധിച്ചു. സംസ്ഥാന സെക്രട്ടറി കെ.കെ.സുധാകരന് സ്വാഗതവും ജില്ലാ പ്രസിഡന്റ് എം.ടി. രാജീവന് നന്ദിയും പറഞ്ഞു.