വന്യമൃഗ ആക്രമണം: സർക്കാർ നടപടി കണ്ണിൽ പൊടിയിടലെന്ന് ഡോ. ടിറ്റോ ജോസഫ്
1513901
Friday, February 14, 2025 12:52 AM IST
കാഞ്ഞങ്ങാട്: വന്യമൃഗങ്ങളെ പ്രതിരോധിക്കാൻ വനംവകുപ്പ് കൊണ്ടു വരുന്ന പത്തിന പരിപാടി മുമ്പ് പറഞ്ഞതിന്റെ ആവർത്തനം മാത്രമാണെന്നും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള മായാജാലമാണെന്നും കര്‍ഷക കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റും റിട്ട. വെറ്ററിനറി സര്‍ജനുമായ ഡോ. ടിറ്റോ ജോസഫ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കിട്ടുന്ന രീതിയിൽ വനം-വന്യ ജീവിസംരക്ഷണ നിയമം ഭേദഗതി ചെയ്യുന്നതിന് കേന്ദ്രസർക്കാരിനോട് മുഖ്യമന്ത്രി ആവശ്യപ്പെടണം.
വന്യമൃഗങ്ങളുടെ എണ്ണപ്പെരുപ്പം കുറയ്ക്കാന്‍ നിയന്ത്രിതമായ നായാട്ട് അനുവദിച്ചേ പറ്റൂ. മനുഷ്യനടക്കമുള്ള ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥ താളം തെറ്റാതിരിക്കാൻ വന്യജീവികളുടെ വംശവർധന നിയന്ത്രിക്കണം. ഇല്ലെങ്കിൽ തെരുവ് നായ്ക്കളുടെ കാര്യത്തില്‍ സംഭവിച്ചത് പോലെ എല്ലാം കൈവിട്ടുപോകും.
വനാതിർത്തികളില്‍ കിടങ്ങുകൾ, മതിലുകൾ, ജൈവവേലികൾ തുടങ്ങിയവ യുദ്ധകാലാടിസ്ഥാനത്തിൽ നിര്‍മിക്കാനുള്ള സാഹചര്യമൊരുക്കണം. ഇതിനെല്ലാം ഇച്ഛാശക്തിയുള്ള മന്ത്രിയും സർക്കാരും വേണമെന്നും ഡോ. ടിറ്റോ ജോസഫ് പറഞ്ഞു.