ദുരൂഹത ബാക്കി
1599808
Wednesday, October 15, 2025 1:56 AM IST
ഒക്ടോബര്‍ 14ന് വൈകുന്നേരം നാലിന് കണ്ണൂർ കളക്ടറേറ്റില്‍ സഹപ്രവര്‍ത്തകര്‍ നല്കിയ യാത്രയയപ്പ് യോഗത്തില്‍ ക്ഷണിക്കാതെയെത്തിയാണ് സിപിഎം നേതാവും കണ്ണൂർ ജില്ലാ മുൻ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി. ദിവ്യ നവീന്‍ബാബുവിനെ അധിക്ഷേപിച്ചത്. പിറ്റേദിവസം നവീന്‍ബാബു ജീവനൊടുക്കിയ വാര്‍ത്തയാണ് നാട് കേട്ടത്. ആ അവസാന മണിക്കൂറുകളെ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് അന്വേഷണസംഘത്തിന് ഇനിയും ഉത്തരമില്ല.
പെട്രോള്‍ പമ്പ് അനുമതിക്കായി നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷ്ണര്‍ എ. ഗീത സമര്‍പ്പിച്ച അന്വേഷണറിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലിരിക്കാന്‍ തുടങ്ങിയിട്ട് മാസം കഴിഞ്ഞു. തുടര്‍നടപടി ആവശ്യപ്പെടുന്ന കുറിപ്പ് സഹിതം 2024 നവംബര്‍ ഒന്നിനാണ് എ.ഗീതയുടെ റിപ്പോര്‍ട്ട് റവന്യൂമന്ത്രി മുഖ്യമന്ത്രിക്ക് കൈമാറിയത്. എന്നാൽ റിപ്പോർട്ട് ഇപ്പോഴും ഫയലിൽ തന്നെയാണ്.
നവീൻ ബാബുവിന് കൈക്കൂലി കൊടുത്തെന്ന് ആരോപിച്ച ടി.വി. പ്രശാന്തിനെതിരേ കടുത്ത നടപടി ഒന്നുമില്ല. പ്രശാന്തിനെതിരെ നടപടിയെടുത്താല്‍ കണ്ണൂരിലെ ബിനാമി നേതൃത്വത്തിലേക്കും അന്വേഷണം നീളുമെന്ന ഭയമാണ് പോലീസിന്റെ മെല്ലെപ്പോക്കിനു പിന്നിലെന്നും ആക്ഷേപമുണ്ട്. പ്രശാന്തിനെതിരായ അഡീഷണല്‍ ചീഫ് സെക്രട്ടറിയും ഡിഎംഇയും നടത്തിയ അന്വേഷണ റിപ്പോര്‍ട്ടും പുറത്തുവിടുന്നില്ല. വിവിധ തലത്തിലുള്ള അന്വേഷണങ്ങള്‍ നടക്കുന്നതിനാല്‍ വിവരാവകാശ നിയമ പ്രകാരം വസ്തുതകള്‍ നല്കാന് നിര്‍വാഹമില്ലെന്നാണ് ആരോഗ്യവകുപ്പ് വിശദീകരിക്കുന്നത്
ദിവ്യയുടെ അധിക്ഷേപത്തിനു പിന്നാലെ ജില്ലാ കളക്ടര്‍ അരുണ്‍ കെ.വിജയനും നവീന്‍ബാബുവിനെ മാനസിക സമ്മര്ദത്തലാക്കിയെന്ന പരാതി എഡിഎമ്മിന്റെ കുടുംബത്തിനുണ്ട്. അന്വേഷണത്തില്‍ ഇടപെടാന്‍ സാധ്യതയുള്ളതിനാല്‍ കളക്ടറെ മാറ്റണമെന്ന ആവശ്യത്തിനും സര്‍ക്കാര്‍ ചെവികൊടുത്തില്ല.
മൃതദേഹപരിശോധന പരിയാരം മെഡിക്കല്‍ കോളേജില്‍ നടത്തുന്നതില്‍ വിയോജിപ്പുണ്ടെന്നും കോഴിക്കോട്ടേക്ക് മാറ്റണമെന്നും ബന്ധുക്കള്‍ സിറ്റി പോലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടിരുന്നു. കളക്ടര്‍ അരുണ്‍ കെ.വിജയനെ വിളിച്ചപ്പോള്‍ ഒന്നും പേടിക്കാനില്ലെന്നും പോലീസ് സര്‍ജനാണ് മൃതദേഹപരിശോധന ചെയ്യുന്നതെന്നുമാണ് കളക്ടര്‍ ബന്ധുക്കളോട് പറഞ്ഞത്.
ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പോസ്റ്റുമോര്‍ട്ടം ചെയ്ത സര്ജന് പോലീസ് നല്‍കിയില്ലെന്ന സംശയമുണ്ടെന്ന് കുടുംബം പറയുന്നു. ആന്തരികാവയവങ്ങള്‍ക്ക് പരിക്കില്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുമ്പോള്‍ പിന്നെ എങ്ങനെ അടിവസ്ത്രത്തില്‍ രക്തക്കറ വരുമെന്നാണ് കുടുംബം ചോദിക്കുന്നത്. അതിനാൽ, തങ്ങളുടെ അസാന്നിധ്യത്തിൽ നടത്തിയ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ദുരൂഹതയുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്
ഡിസംബർ 16ന്
ദിവ്യ ഹാജരാകണം
എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയാണെന്നും യാത്രയയപ്പു യോഗത്തിൽ ദിവ്യ നടത്തിയ പ്രസംഗമാണ് പ്രേരണയെന്നുമാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. കേസ് തലശേരി അഡീഷണൽ സെഷൻസ് (രണ്ട്) കോടതിയാണ് പരിഗണിക്കുന്നത്. ഏക പ്രതിയായ പി.പി. ദിവ്യയോട് ഡിസംബർ 16 ന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നല്കിയ ഹർജിയും ഇതേ കോടതിയാണ് പരിഗണിക്കുന്നത്. കേസിൽ എത്രയും വേഗം ചുരുളഴിച്ചില്ലെങ്കിൽ ബൂമറാങ്ങായി നവീൻ ബാബുവിന്റെ മരണം സിപിഎമ്മിനെ വരും തെരഞ്ഞെടുപ്പുകളിൽ വീഴ്ത്തിയേക്കാം.
മന്ത്രിയുടെ
വെളിപ്പെടുത്തൽ
മന്ത്രി കെ. രാജന് നടത്തിയ വെളിപ്പെടുത്തലടക്കം കേസിന്റെ തുടരന്വേഷണത്തില്‍ പ്രതീക്ഷകള്‍ അസ്തമിച്ചിട്ടില്ലെന്നാണ് നവീന്‍ ബാബുവിന്റെ കുടുംബം പറയുന്നത്. കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന് നവീന്‍ ബാബുവിന്റെ യാത്രയയപ്പ് സമ്മേളനത്തിന് പിന്നാലെ മന്ത്രിയെ വിളിച്ചിരുന്നുവെന്ന കാര്യം മന്ത്രി കെ. രാജൻ സമ്മതിച്ചിരുന്നു. കേസിന്റെ നാള്‍വഴികളില്‍ ഇതുവരെ ഇക്കാര്യം മന്ത്രി പുറത്തു പറഞ്ഞിരുന്നില്ല. നവീന്‍ ബാബു അഴിമതിക്കാരനായ ഉദ്യോഗസ്ഥനല്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. അന്വേഷണസംഘം നവീന്‍ ബാബുവിനെ അഴിമതിക്കാരന് എന്ന സംശയത്തിന്റെ മുനയില്‍ നിര്‍ത്താന്‍ ശ്രമിച്ചതായാണ് തുടരന്വേഷണ ഹര്‍ജിയില്‍ നവീന്‍ ബാബുവിന്റെ കുടുംബം പ്രധാനമായും വാദിക്കുന്നത്.