ജപ്തിശ്രമം തടഞ്ഞതായി കർഷക സംഘടനകൾ
1599800
Wednesday, October 15, 2025 1:56 AM IST
ഇരിട്ടി: വായ്പത്തുക കുടിശിക ആയതിനെത്തുടർന്ന് കർഷകഭൂമി ഏറ്റെടുക്കാനുള്ള ബാങ്കിന്റെ ശ്രമം തടഞ്ഞ് ആർകെഎംഎസ് പ്രവർത്തകർ. ആനപ്പന്തി സർവീസ് സഹകരണ ബാങ്കിൽ വായ്പത്തുക കുടിശിക ആയതിനെത്തുടർന്ന് 20 കുടുംബങ്ങളുടെ വീടും സ്ഥലവും ഇന്നലെ രാവിലെ11 ന് അയ്യം കുന്ന് വില്ലേജ് ഓഫീസ് വഴി ജപ്തി നടത്തുമെന്ന് നോട്ടീസ് നല്കിയിരുന്നു.
എന്നാൽ നോട്ടീസിന് വിരുദ്ധമായി സെയിൽ ഓഫീസറുടെ ഒത്താശയോടെ കർഷകരുടെ വീടും സ്ഥലവും വില്ലേജ് ഓഫീസിൽ നിന്നും ലേലം ചെയ്യാതെ രഹസ്യമായി പുറത്തുവച്ച് നടപടികൾ പൂർത്തിയാക്കി പ്രഖ്യാപനം നടത്താനായി 11.30ന് വില്ലേജിൽ എത്തുകയായിരുന്നുവെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.
ഇതേത്തുടർന്ന് രാവിലെ 10 മുതൽ വില്ലേജ് ഓഫീസിൽ ജപ്തി തടയുന്നതിന് കാത്തുനിന്ന രാഷ്ട്രീയ കിസാൻ മഹാ സംഘ് നേതാക്കളും കർഷകരും ഓഫീസർക്ക് ഒപ്പം എത്തിയ ബാങ്ക് അധികൃതരെ വില്ലേജ് ഓഫീസിനുള്ളിൽ ഉപരോധിച്ചു.
മണിക്കൂറുകൾ നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിൽ കരിക്കോട്ടക്കരി എസ്ഐയുടെ നേതൃത്വ ത്തിൽ പോലീസെത്തി ഇരുകൂട്ടരുമായി ചർച്ച നടത്തി. ലേലത്തിനു ആളുകൾ എത്താത്തതിനാൽ പിന്നീട് നടത്തുമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.
കർഷക പ്രതിഷേധ കൂട്ടായ്മ രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ ബിനോയ് തോമസ് ഉദ്ഘാടനം ചെയ്തു. കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ വർക്കിംഗ് കമ്മിറ്റി അംഗം ബെന്നി പുതിയാംപുറം അധ്യക്ഷത വഹിച്ചു. വിവിധ കർഷക സംഘടന നേതാക്കളായ ഗർവാസീസ് കല്ലുവയൽ, അഗസ്റ്റിൻ വെള്ളാരംകുന്നേൽ, ബിനോയി പുത്തൻനടയിൽ, ബിജു കുറുപ്പംപറമ്പിൽ, ബാബു മാളിയേക്കൽ, ജോൺസൺ അണിയറ, സെബാസ്റ്റ്യൻ കപ്പലുമാക്കൽ, ജോഷി മങ്കര, ടി.സി. ബിജു, സി.ജെ. ജെയ്സൺ തുടങ്ങിയവർ പ്രസംഗിച്ചു.
ആരോപണം അടിസ്ഥാനരഹിതം:
ബാങ്ക് അധികൃതർ
ഇരിട്ടി: പത്രങ്ങളിൽ ഉൾപ്പെടെ പരസ്യം നല്കി എല്ലാ നിയമ നടപടികളും പൂർത്തിയാക്കിയ ശേഷമാണ് ലേല നടപടികൾ ബാങ്ക് നടപ്പിലാക്കുന്നതെന്ന് ആനപ്പന്തി സർവീസ് സഹകരണ ബാങ്ക് അധികൃതർ അറിയിച്ചു. വർഷങ്ങൾ പഴക്കമുള്ള വായ്പാ കുടിശികയിലാണ് ബാങ്ക് നടപടിയിലേക്ക് നീങ്ങിയിരിക്കുന്നത്.
വായ്പ എടുത്തവർ തിരിച്ചടവ് തവണ വ്യവസ്ഥയിൽ മാറ്റുന്നതിന് ഹൈക്കോടതിയെ ഉൾപ്പെടെ സമീപിച്ചിരുന്നു. കോടതി നല്കിയ തവണ വ്യവസ്ഥയും വായ്പ എടുത്തവർ ലംഘിച്ചതോടെയാണ് ബാങ്ക് നിയമാനുസൃത നടപടിയിലേക്ക് നീങ്ങിയത്.
ഇന്നലെ നടന്നുവെന്ന് കർഷക സംഘടനകൾ പറയുന്ന സംഭവങ്ങൾ അടിസ്ഥാനരഹിതമാണ്. ഇന്നലെ നടക്കേണ്ടിയിരുന്ന ലേലം ആളുകൾ എത്താതിരുന്നതുകൊണ്ട് മാത്രമാണ് മാറ്റിവച്ചത്.
കരിക്കോട്ടക്കരി വില്ലേജിൽ നടക്കേണ്ട ലേലവും ആളുകൾ എത്താതിരുന്നതുകൊണ്ട് മാറ്റിവച്ചിരിക്കുകയാണ്. കരി ക്കോട്ടക്കരി വില്ലേജിൽ ലേലം തടഞ്ഞുവെന്ന് അവകാശപ്പെടുന്ന സംഘടനകൾ ആരും എത്തിയിരു ന്നില്ല. ഈ മാസം 21 ന് വീണ്ടും ലേല നടപടി നടക്കുമെന്നും ബാങ്ക് അധികൃതർ അറിയിച്ചു.