കാത്തലിക് മെന്റൽ ഹെൽത്ത് മിനിസ്ട്രിക്ക് തുടക്കമായി
1599524
Tuesday, October 14, 2025 1:49 AM IST
ചെമ്പേരി: കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിലുള്ള കാത്തലിക് മെന്റൽ ഹെൽത്ത് മിനിസ്ട്രിയുടെ തലശേരി അതിരൂപതാതല ഉദ്ഘാടനം ചെമ്പേരി വിമൽ ജ്യോതി എൻജിനിയറിംഗ് കോളജിൽ ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി നിർവഹിച്ചു. മാനസികാരോഗ്യ മേഖലയിലുള്ള പ്രവർത്തനങ്ങൾ ഈ കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് ആർച്ച്ബിഷപ് പറഞ്ഞു.
പ്രോട്ടോസിഞ്ചെല്ലൂസ് മോൺ. ആന്റണി മുതുകുന്നേൽ അധ്യക്ഷത വഹിച്ചു. നാഷണൽ മെന്റൽ ഹെൽത്ത് മിനിസ്ട്രി വൈസ് പ്രസിഡന്റ് എഡ്വിൻ വാക്കർ, മെന്റൽ ഹെൽത്ത് മിനിസ്ട്രി തലശേരി അതിരൂപത ഡയറക്ടർ ഫാ. സുബിൻ റാത്തപ്പിള്ളിൽ, അതിരൂപത കൗൺസലിംഗ് സെന്റർ ഡയറക്ടർ റവ. ഡോ. സെബാസ്റ്റ്യൻ ചെരിപുറത്ത്, മെന്റൽ ഹെൽത്ത് മിനിസ്ട്രി കോ-ഓർഡിനേറ്റർ ജോണി തോമസ് വടക്കേക്കര എന്നിവർ പ്രസംഗിച്ചു.
തലശേരി അതിരൂപതയിലെ സ്കൂൾ അധ്യാപകർ, മതബോധന അധ്യാപകർ, ഇടവകയിലെ ഹെൽപ്പ് ഡസ്ക് അംഗങ്ങൾ, കൗൺസലിംഗ് രംഗത്ത് പ്രവർത്തിക്കുന്നവർ എന്നിവർക്കായി "മാനസികാരോഗ്യം - ഇന്നിന്റെ പ്രസക്തി" എന്ന വിഷയത്തെക്കുറിച്ച് പ്രശസ്ത സൈക്കോളജിസ്റ്റായ സിസ്റ്റർ ഡോ. ജോവാൻ ചുങ്കപ്പുര ക്ലാസ് നയിച്ചു.
ചടങ്ങിൽ കൗൺസലിംഗ് രംഗത്ത് പ്രവർത്തിച്ച് വ്യക്തിമുദ്ര പതിപ്പിച്ച സിസ്റ്റർ ഡോ. ട്രീസ പാലക്കൽ, ബധിര മൂക വിഭാഗത്തിൽപ്പെട്ടവർക്കായി ആദംമിനിസ്ട്രി എന്ന പേരിൽ സേവനം ചെയ്തു കൊണ്ടിരിക്കുന്ന ഫാ. പ്രിയേഷ് കളരിമുറി എന്നിവരെ മാർ ജോസഫ് പാംപ്ലാനി മെമന്റോ നല്കി ആദരിച്ചു.
കാത്തലിക് മെന്റൽ ഹെൽത്ത് രൂപത ടീം അംഗങ്ങളായ സിസ്റ്റർ ജാൻസി പോൾ എസ്എച്ച്, സിസ്റ്റർ ഡിവിന എംഎസ്എംഐ, സിസ്റ്റർ ലിസ്ബിൻ എസ്എബിഎസ്, വത്സമ്മ ജോസ്, സോണിയ ഇമ്മാനുവേൽ എന്നിവർ നേതൃത്വം നല്കി.