പുതിയങ്ങാടിയിലെ ഗ്യാസ് അപകടം; പൊള്ളലേറ്റ ഒഡീഷ സ്വദേശി മരിച്ചു
1599427
Monday, October 13, 2025 10:03 PM IST
പഴയങ്ങാടി: പുതിയങ്ങാടിയിൽ വാടക ക്വാർട്ടേഴ്സിൽ പാചക വാതകം ചോർന്ന് തീപിടിച്ച് പൊള്ളലേറ്റ മത്സ്യത്തൊഴിലാളി മരിച്ചു. കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഒഡിഷ ബന്തിപ്പൂർ സ്വദേശി സുഭാഷ് ബഹ്റയാണ് (53) ഇന്നലെ രാവിലെ ആറോടെ മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയായിരുന്നു തീപിടിത്തമുണ്ടായത്.
സുബാഷ് ബഹ്റയെ കൂടാതെ സഹപ്രവർത്തകരായ ശിവ ബഹ്റ (35), നിഖം ബഹ്റ (40), ജിതേന്ദ്ര ബഹ്റ (28) എന്നിവർക്കും പൊള്ളലേറ്റിരുന്നു. ഇവർ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. പുതിയങ്ങാടി കടപ്പുറം കേന്ദ്രീകരിച്ച് മീൻപിടിക്കുന്ന അൽ റജബ് ബോട്ടിലെ തൊഴിലാളികളാണ് നാലുപേരും. സുഭാഷ് ബഹ്റയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം പയ്യാന്പലത്ത് സംസ്കരിച്ചു.
വ്യാഴാഴ്ച രാത്രി മുറിയിൽ വച്ചു ഭക്ഷണം പാകം ചെയ്തതിനുശേഷം ഗ്യാസ് ഓഫ് ചെയ്യാൻ മറന്നതാണ് അപകടത്തിനിടയാക്കിയത്. വെള്ളിയാഴ്ച രാവിലെ ഉറക്കമുണർന്ന ഒരാൾ ഭക്ഷണം ഉണ്ടാക്കാൻ ലൈറ്റർ ഉപയോഗിച്ച് സ്റ്റൗ കത്തിക്കാൻ ശ്രമിച്ചപ്പോൾ ചോർച്ചയുണ്ടായി അന്തരീക്ഷത്തിൽ തങ്ങി നിന്ന പാചകവാതകത്തിന് തീപിടിച്ച് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരായിരുന്നു പൊള്ളലേറ്റവരെ ആശുപത്രിയിലെത്തിച്ചത്.