പഴയങ്ങാടിയിൽ പോലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷം
1599006
Sunday, October 12, 2025 1:33 AM IST
പഴയങ്ങാടി: യൂത്ത് കോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മിൽ പഴയങ്ങാടിയിൽ സംഘർഷം. കഴിഞ്ഞ ദിവസം സമരത്തിനിടയിൽ ഷാഫി പറന്പിലിനെ പോലീസ് അടിച്ചു പരിക്കേല്പിച്ച സംഭവത്തിൽ പ്രതിഷേധിച്ച് പഴയങ്ങാടിയിൽ യൂത്ത് കോൺഗ്രസ് നടത്തിയ റോഡ് ഉപരോധത്തിൽ ആണ് സംഘർഷം ഉണ്ടായത്.
കല്യാശേരി മണ്ഡലം യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പഴയങ്ങാടി കെഎസ്ടിപി റോഡിൽ നടത്തിയ ഉപരോധത്തിന് നേരെ രണ്ട് ചെറുപ്പക്കാർ ഇരുചക്ര വാഹനം കയറ്റാനുള്ള ശ്രമത്തിനിടെ യുവാക്കളെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മർദിക്കുകയും തടയാൻ ശ്രമിച്ച പോലീസിന് നേരെ തിരിഞ്ഞ് സംഘർഷം ഉണ്ടാവുകയുമായിരുന്നു.
മണിക്കൂറുകളോളം പ്രവർത്തകർ പോലീസുമായി തർക്കത്തിൽ ഏർപ്പെടുകയും ഉന്തും തള്ളും ഉണ്ടാവുകയും ചെയ്തു. കോൺഗ്രസ് നേതാക്കൾ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. റോഡിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.