അവകാശ സംരക്ഷണ യാത്രയ്ക്ക് ആവേശോജ്വല സ്വീകരണം
1599789
Wednesday, October 15, 2025 1:56 AM IST
ചെമ്പേരി: ‘നീതി ഔദാര്യമല്ല, അവകാശമാണ് ' എന്ന മുദ്രാവാക്യമുയർത്തി കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന അവകാശ സംരക്ഷണ യാത്രയ്ക്ക് ചെമ്പേരിയിൽ ആവേശോജ്വല സ്വീകരണം നൽകി. ചെമ്പേരി, പൈസക്കരി, ചെമ്പന്തൊട്ടി ഫൊറോനകളിലെ മുഴുവൻ യൂണിറ്റുകളിൽ നിന്നുമെത്തിയ പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.
ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത് അധ്യക്ഷത വഹിച്ചു. ബിജു മണ്ഡപത്തിൽ, റവ.ഡോ. ഫിലിപ്പ് കവിയിൽ, ജോസുകുട്ടി ഒഴുകയിൽ, ഫാ.പോൾ വള്ളോപ്പിള്ളി, പൈസക്കരി ഫൊറോന വികാരി ഫാ.നോബിൾ ഓണംകുളം, ചെമ്പന്തൊട്ടി ഫൊറോന വികാരി ഫാ.ആന്റണി മഞ്ഞളാംകുന്നേൽ, ബെന്നി ചേരിയ്ക്കത്തടം, ജോസഫ് മാത്യു കൈതമറ്റം, ഷാജു വടക്കേൽ എന്നിവർ പ്രസംഗിച്ചു.
തേർത്തല്ലി: മേരിഗിരി ആലക്കോട്, വായാട്ടുപറമ്പ് ,തളിപ്പറമ്പ് ഫൊറോനകളിലെ മുഴുവൻ യൂണിറ്റുകളിൽ നിന്നുമെത്തിയ പ്രവർത്തകരുടെ നേതൃത്വത്തിൽ തേർത്തല്ലിൽ സ്വീകരണം നൽകി.
മലയോര ഹൈവേയിൽ സ്വീകരിച്ച ജാഥാംഗങ്ങളെ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് ടൗണിലെ സമ്മേളന വേദിയിലേക്കാനയിച്ചത്. കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്തിന്റെ അധ്യക്ഷതയിൽ മേരിഗിരി ഫൊറോന വികാരി ഫാ. ഏബ്രഹാം മഠത്തിമ്യാലിൽ ഉദ്ഘാടനം ചെയ്തു.
ചിറ്റാരിക്കാൽ: സംഘടിത ശക്തിയായി നിന്നാൽ മാത്രമേ അവകാശങ്ങൾ നേടിയെടുക്കാൻ കഴിയൂവെന്നും അല്ലാത്തപക്ഷം നാം തമസ്കരിക്കപ്പെടുമെന്നും താമരശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ. കത്തോലിക്ക കോൺഗ്രസ് അവകാശ സംരക്ഷണയാത്രയ്ക്ക് ചിറ്റാരിക്കാലിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്.
അവകാശങ്ങൾ നേടിയെടുക്കാൻ എന്നും കത്തോലിക്ക കോൺഗ്രസ് സമരമുഖത്തുണ്ടാകും. പ്രതിസന്ധികളെ ആത്മധൈര്യത്തോടെ നേരിട്ട ഒരു തലമുറയാണ് നമുക്ക് മുൻപുണ്ടായിരുന്നത്. മലബാറിൽ വള്ളോപ്പള്ളി പിതാവിന്റെ ശക്തമായ നേതൃത്വമായിരുന്നു കുടിയേറ്റ ജനതയുടെ ശക്തി. കൂട്ടായ ആ പോരാട്ടങ്ങൾ വിജയം കണ്ടു. ആ പാത പിൻതുടർന്ന് സമുദായത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുവാൻ എപ്പോഴും ഒന്നായി നിന്ന് പ്രവർത്തിക്കണം.
കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത് അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ ആമുഖ പ്രഭാഷണം നടത്തി. ഗ്ലോബൽ ജനറൽ സെക്രട്ടറി ഡോ. ജോസുകുട്ടി ഒഴുകയിൽ യാത്രാവിശകലനം നടത്തി. തോമാപുരം സെന്റ് തോമസ് ഫൊറോന വികാരി റവ.ഡോ. മാണിമേൽവെട്ടം മുഖ്യപ്രഭാഷണം നടത്തി.
ജാഥാ ക്യാപ്റ്റൻ പ്രഫ. രാജീവ് കൊച്ചുപറമ്പിൽ, ഗ്ലോബൽ ട്രഷറർ അഡ്വ. ടോണി ജോസഫ് പുഞ്ചക്കുന്നേൽ, ഫാ. മാത്യു വളവനാൽ, ജിമ്മി ആയിത്തമറ്റം, സംഘാടക സമിതി ജനറൽ കൺവീനർ സാജു പടിഞ്ഞാറേട്ട്, അതിരൂപത സെക്രട്ടറി സെബാസ്റ്റ്യൻ ജാതികുളത്തിൽ എന്നിവർ പ്രസംഗിച്ചു. ചെറുപുഴ ഫൊറോന വികാരി ഫാ. ഫിലിപ്പ് ഇരുപ്പക്കാട്ട്, മാലോം ഫൊറോന വികാരി ഫാ. ജോസ് തൈക്കുന്നുംപുതത്, വെള്ളരിക്കുണ്ട് ഫൊറോന വികാരി റവ.ഡോ. ജോൺസൺ അന്ത്യാംകുളം, ഫാ. തോമസ് പൂവൻപുഴ, സാജു പുത്തൻപുര, ബെന്നി തുളുമ്പുംമാക്കൽ, ജിജി കുന്നപ്പള്ളി എന്നിവർ പങ്കെടുത്തു.
തോമാപുരം, വെള്ളരിക്കുണ്ട്, മാലോം, ചെറുപുഴ ഫൊറോനകളിൽ നിന്ന് വൈദികർ, കന്യാസ്ത്രീകൾ എന്നിവർ ഉൾപ്പെടെ ആയിരക്കണക്കിനാളുകൾ സ്വീകരണ യോഗത്തിൽ പങ്കെടുത്തു.