ആറളം ഫാമിലെ റബർ ടാപ്പിംഗ് തൊഴിലാളികൾക്ക് ഭീഷണിയായി ആനക്കൂട്ടം
1599267
Monday, October 13, 2025 2:01 AM IST
ഇരിട്ടി: ആറളം ഫാമിലെ പാട്ടത്തിന് നൽകിയ റബർ തോട്ടം മേഖലയിൽ കാട്ടാനകൾ തമ്പടിക്കുന്നത് ടാപ്പിംഗ് തൊഴിളികൾക്ക് ഭീഷണിയാകുന്നു. മേഖലയിൽ നാലിൽ അധികം വരുന്ന ആനകൂട്ടം ചുറ്റിത്തിരിയുന്നത് പുലർച്ചെ ടാപ്പിംഗിനെത്തുന്ന തൊഴിലാളികളുടെ ജീവന് ഭീഷണിയായിരിക്കുകയാണ്.
തൊഴിലാളികൾ പലരും അത്ഭുതകരമായാണ് ആനയുടെ പിടിയിൽ നിന്നും രക്ഷപ്പെടുന്നത്. ടാപ്പിംഗിനിടയിൽ ആനവരുന്നത് ശ്രദ്ധിക്കാൻ പറ്റാതെ വരുന്നതാണ് ആനയ്ക്ക് മുന്നിൽ പെടാൻ കാരണം. കഴിഞ്ഞ ദിവസം ബ്ലോക്ക് 10 ലെ നന്ദുവിനെ കാട്ടാന ഓടിച്ചിരുന്നു. ഓടി രക്ഷപ്പെടുന്നതിനിടയിൽ മുൾപടർപ്പിൽ പെട്ട് നന്ദുവിന്റെ കഴുത്തിന് പരിക്കേ
റ്റിരുന്നു. അദ്ഭുതകരമായാണ് നന്ദു അന്ന് രക്ഷപെട്ടത്.
കഴിഞ്ഞ ഒരാഴ്ചയിലധികമായി ആനകൾ സ്ഥിരമായി റബർ തോട്ടത്തിനുള്ളിൽ ഉണ്ടെന്നാണ് ടാപ്പിംഗ് തൊഴിലാളികൾ പറയുന്നത്. കഴിഞ്ഞ ദിവസം മൊട്ടുകൊമ്പൻ അടക്കം നാലിൽ അധികം ആനകളെ ഇവിടെ കണ്ടെന്നാണ് തൊഴിലാളികൾ പറയുന്നത്. റബർ തോട്ടത്തിൽ പാൽ നിറച്ചു വെച്ചിരുന്ന ബാരലുകളും പാത്രങ്ങളും ആന ചവിട്ടി നശിപ്പിച്ചിരിന്നു.
ആനകൾ നാശം വിതയ്ക്കുന്നത് തോട്ടം കരാർ എടുത്തിരിക്കുന്നവർക്ക് വലിയ നഷ്ടമാണ് വരുത്തിവയ്ക്കുന്നത്. വനം വകുപ്പിനെ വിവരം അറിയിച്ചാലും ഇവിടേക്ക് എത്തിച്ചേരാൻ വഴി ഇല്ലാത്തത് ആനകളെ തുരത്തുന്നതിന് തടസമാകുന്നു.
കാട് വെട്ടിത്തെളിക്കാത്തത് ഭീഷണിയാകുന്നു
ആറളം ഫാമിലെ എംആർഎസിനോട് ചേർന്ന വട്ടകാട് മേഖലയിലും പുനരധിവാസ മേഖലയിലും അടിക്കാടുകൾ വെട്ടിത്തെളിക്കാത്തത് ജനങ്ങളുടെ ജീവന് ഭീഷണിയാകുന്നു. നിലവിൽ പലസ്ഥലങ്ങളിലും കാടുവെട്ടിതെളിക്കൽ നടക്കുന്നുണ്ടെങ്കിലും വേണ്ടത്ര വേഗത്തിൽ നടക്കുന്നില്ല എന്ന ആക്ഷേപം ഉയരുന്നുണ്ട്.
റോഡുകളുടെ ഇരുവശവും കാടുകേറി കിടക്കുന്നതുമൂലം ആന ഉൾപ്പെടെയുള്ളവയുടെ സാന്നിധ്യം തിരിച്ചറിയാൻ കഴിയില്ല.
റബർ തോട്ടത്തോട് ചേർന്ന കാടുപിടിപ്പിച്ചു പ്രദേശമാണ് ആനകളുടെ പ്രധാന കേന്ദ്രം. കാടുകൾ വെട്ടിമാറ്റി ആനകളെ ഇവിടെ നിന്നും തുരത്തണമെന്നാണ് പ്രദേശവാസികളുടെയും തൊഴിലാളികളുടെയും ആവശ്യം.
വനം വകുപ്പിന്റെ ഓപ്പറേഷൻ ഗജമുക്തിയിൽ റബർ തോട്ടത്തിൽ നിലയുറപ്പിച്ചിരിക്കുന്ന ആനകളെ തുരത്താനുള്ള നടപടി സ്വീകരിക്കണമെന്നും ഫാമിന്റെ ഉടമസ്ഥതയിലുള്ള പ്രദേശത്തെ കാട് വെട്ടിത്തെളിക്കാൻ ഫാം അധികൃതർ നടപടി സ്വീകരിക്കാൻ തയാറാകണമെന്നുമാണ് ടാപ്പിംഗ് തൊഴിലാളികൾ ആവശ്യപ്പെടുന്നത്.