കുട്ടനാട് മോഡൽ സഫാരി ക്രൂയിസ് സർവീസ് ആരംഭിക്കും: മന്ത്രി ഗണേഷ്കുമാർ
1599520
Tuesday, October 14, 2025 1:49 AM IST
പറശിനിക്കടവ്: ഉത്തരമലബാറിലും കുട്ടനാട് മോഡൽ സഫാരി ക്രൂയിസ് സർവീസ് ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. കണ്ണൂർ, കാസർഗോഡ് ജില്ലകളുടെ അതിർത്തി പങ്കിടുന്ന
കവ്വായി കായലാണ് പദ്ധതിയുടെ പരിഗണനയിലുള്ളതെന്നും മന്ത്രി പറഞ്ഞു. പറശിനിക്കടവ് വികസനത്തിന്റെ ഭാഗമായി നടപ്പാക്കുന്ന വിവിധ പദ്ധതികളുടെയും രണ്ടു ബോട്ടുകളുടെ സർവീസ് ഉദ്ഘാടനവും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പറശിനിക്കടവിൽ മാർച്ചോടെ 120 പേർക്ക് സഞ്ചരിക്കാവുന്ന അത്യാധുനിക ടൂറിസ്റ്റ് എസി ബോട്ട് എത്തിക്കുമെന്നും മന്ത്രി അറിയിച്ചു.
കെഎസ്ആർടിസിയിൽ വൻ വികസനമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ പ്രധാന കെഎസ്ആർടിസി ബസ് സ്റ്റേഷനുകളെ വിമാനത്താവളങ്ങളുടെ നിലവാരത്തിലേക്ക് ഉയർത്തുമെന്നും മന്ത്രി കെ.ബി. ഗണേഷ്കുമാർ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ വിവിധ ഫണ്ടുകളില്‍ നിന്നായി 3.5 കോടി രൂപ ചെലവഴിച്ച് വിപുലീകരിക്കുന്ന ബോട്ട് ടെര്‍മിനല്‍, ഒരുകോടി രൂപയുടെ പറശിനിക്കടവ് നദീ സംരക്ഷണ പദ്ധതി, 2.84 കോടി രൂപയുടെ പറശിനിക്കടവ് സൗന്ദര്യവത്കരണം എന്നിവയുടെ പ്രവൃത്തി ഉദ്ഘാടനവും പറശനിക്കടവിൽ നിന്ന് സർവീസ് ആരംഭിക്കുന്ന ബോട്ടുകളുടെ സർവീസുകളുമാണ് മന്ത്രി നിർവഹിച്ചത്.100 പേര്‍ക്ക് യാത്ര ചെയ്യാവുന്നതും അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് നിര്‍മിച്ചിട്ടുള്ളതുമായ കാറ്റാമറൈന് ബോട്ടും 77 യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന എസ് 25 അപ്പര്‍ ഡക്ക് ബോട്ടുമാണ് ഉദ്ഘാടനം ചെയ്തത്. പറശനിക്കടവിലേക്ക് രാത്രി സമയങ്ങളില്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്താന്‍ തയാറാകുന്നില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. വേദിയില്‍ നിന്ന് ലഭിച്ച പരാതികളിലാണ് മന്ത്രി നടപടിയെടുത്തത്.
എം.വി. ഗോവിന്ദൻ എംഎൽഎ ഓൺലൈനായി അധ്യക്ഷത വഹിച്ചു. പറശിനിക്കടവ് ബോട്ട് ജെട്ടിയുടെ മറുകരയിൽ ജെട്ടിയും സ്റ്റേഷൻ ഓഫീസും സ്ഥാപിക്കാൻ ശ്രമങ്ങൾ നടക്കുകയാണെന്നും സ്ഥലം ലഭിച്ചിട്ടുണ്ടെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
ഫണ്ട് ലഭ്യമായാലുടൻ പദ്ധതി നിർമാണം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. എംഎല്‍എമാരായ കെ.വി. സുമേഷ്, എം. വിജിന്, ആന്തൂര്‍ മുനിസിപ്പൽ ചെയർപേഴ്സൺ പി. മുകുന്ദന് എന്നിവർ പങ്കെടുത്തു.