പറശിനിക്കടവിൽ പുതിയ ബോട്ടുകൾ
1599508
Tuesday, October 14, 2025 1:49 AM IST
കണ്ണൂർ: വിനോദ സഞ്ചാര മേഖലയിലെ വലിയ മുന്നേറ്റങ്ങൾ ലക്ഷ്യമിട്ട് പറശിനിക്കടവിൽ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്ത കാറ്റാ മറൈൻ ബോട്ടും എസ് 25 അപ്പർ ഡക്ക് ബോട്ടും ജലഗതാഗത്തിനും ടൂറിസത്തിനും പുത്തൻ ഉണർവേകും. കാറ്റാമറൈൻ ബോട്ട് പറശിനിക്കടവ് മുതൽ വളപട്ടണം വരെയുള്ള ഭാഗങ്ങളിൽ വിനോദസഞ്ചാരികൾ ക്കായി ട്രിപ്പുകൾ നടത്താൻ വിനിയോഗിക്കും. എസ് 25 ഡബിൾ ഡെക്കർ ബോട്ട് പറശിനിക്കടവ്-വളപട്ടണം-അഴീക്കൽ-മാട്ടൂൽ റൂട്ടിൽ സർവീസ് നടത്തും. ദിവസവും രാവിലെ 9.30 ന് പറശിനിക്കടവിൽ നിന്ന് സർവീസ് ആരംഭിച്ച് 10.15 ന് വളപട്ടണം വഴി മാട്ടൂലെത്തും.
11.45 ന് മാട്ടൂലിൽ നിന്ന് പറശിനിക്കടവിലേക്ക് തിരിച്ചും സർവീസ് നടത്തും. ഉച്ചയ്ക്ക് ഒന്നിന് പറശിനിക്കടവിൽ എത്തിച്ചേരുന്ന ബോട്ട്, രണ്ടിന് പറശിനിക്കടവിൽനിന്ന് വളപട്ടണത്തേക്കും ഉച്ചകഴിഞ്ഞ് മൂന്നിനും വളപട്ടണത്തുനിന്ന് തിരിച്ച് പറശിനിക്കടവിലേക്കും സർവീസ് നടത്തും. പറശിനിക്കടവ് നിന്ന് മാട്ടൂൽ വരെ 60 രൂപയും പറശിനിക്കടവ് നിന്ന് വളപട്ടണം വരെ 40 രൂപയുമാണ് സർവീസ് ചാർജ്. കാറ്റാമറൈൻ ടൂറിസ്റ്റ് ബോട്ട് അരമണിക്കൂർ യാത്രയ്ക്ക് ഒരാൾക്ക് 40 രൂപയാണ് ഈടാക്കുക. യാത്രാ സംഘങ്ങൾക്ക് ബോട്ട് മുഴുവനായി മുൻകൂട്ടി ബുക്ക് ചെയ്യാനും കഴിയും. 100 പേർക്കാണ് യാത്ര ചെയ്യാൻ പറ്റുക. ഒരു മണിക്കൂറിന് 2000 രൂപയാണ് ബുക്കിംഗ് ചാർജ്. ബുക്കിംഗിനും വിവരങ്ങൾക്കും 94000 50340, 94474 58867 നമ്പറുകളിൽ ബന്ധപ്പെടാം.