സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയ നീതിമാന്റെ വേർപാട്
1599807
Wednesday, October 15, 2025 1:56 AM IST
സ്വന്തം ലേഖകൻ
കണ്ണൂർ: ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിനുശേഷം സിപിഎമ്മിനെ ഏറെ പ്രതിസന്ധിയിലാക്കിയ കണ്ണൂരിലെ മുൻ എഡിഎം നവീൻ ബാബുവിന്റെ ദുരൂഹമരണം നടന്നിട്ട് ഇന്ന് ഒരു വർഷം തികയുകയാണ്. 2024 ഒകേ്ടാബര്‍ 15ന് രാവിലെയാണ് പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ നവീൻ ബാബുവിനെ കണ്ടെത്തിയത്.
ഒക്ടോബര്‍ 14ന് വൈകുന്നേരം നാലിന് കണ്ണൂർ കളക്ടറേറ്റില്‍ നവീൻ ബാബുവിന് സഹപ്രവര്‍ത്തകര്‍ നല്കിയ യാത്രയയപ്പ് യോഗത്തില്‍ ക്ഷണിക്കാതെയെത്തി സിപിഎം നേതാവും അന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി. ദിവ്യ നവീന്‍ബാബുവിനെ അധിക്ഷേപിച്ച് സംസാരിച്ചിരുന്നു. പിറ്റേദിവസം നവീന്‍ബാബുവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ വാര്‍ത്തയാണ് നാട് കേട്ടത്.
ആത്മഹത്യയെന്ന് പറഞ്ഞു തള്ളിയ നവീൻ ബാബുവിന്റെ മരണം കൊലപാതകമാണെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. എന്നാൽ, കുടുംബത്തിന്റെ ഈ ആവശ്യം ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിക്കളയുകയായിരുന്നു.
സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും കൊലപാതകമാണെന്ന് സംശയിക്കാൻ പ്രത്യേക കാരണമില്ലെന്നുള്ള പ്രത്യേക അന്വേഷണസംഘത്തിന്റെയും സർക്കാരിന്റെയും നിലപാടുകൾ കോടതികൾ അംഗീകരിക്കുകയായിരുന്നു.
സിപിഎമ്മിൽ തന്നെ വിഭാഗീയത ഉണ്ടാക്കാൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് സാധിച്ചു. നവീൻ ബാബു ജീവനൊടുക്കിയ കേസിൽ സിപിഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി.പി. ദിവ്യ മാത്രമായിരുന്നു നിലവിൽ പ്രതിക്കൂട്ടിൽ. എന്നാൽ, നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ആരോപണത്തിൽ ഉൾപ്പെട്ടവരെ സംരക്ഷിക്കുന്ന പ്രവണത സിപിഎമ്മും സംസ്ഥാന സർക്കാരും സ്വീകരിച്ചതോടെ സർക്കാരിനൊപ്പം സിപിഎമ്മും പ്രതിക്കൂട്ടിലായി.
സിപിഎം കണ്ണൂർ ജില്ലാ നേതൃത്വം തുടക്കംമുതൽ പി.പി. ദിവ്യയെ സംരക്ഷിച്ചിരുന്നുവെങ്കിലും പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ കടുത്ത നിലപാടാണ് ദിവ്യയുടെ അറസ്റ്റിനും ജില്ലാ കമ്മിറ്റിയിൽനിന്നു പുറത്തേക്കുള്ള വഴിക്കും കാരണമായത്. എന്നാൽ, ദിവ്യക്ക് ജാമ്യം ലഭിച്ചതോടെ പ്രത്യേക അന്വേഷണസംഘത്തിന്റെ അന്വേഷണം നിലയ്ക്കുകയായിരുന്നു. പിന്നീട്, നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചതോടെയാണ് പ്രത്യേക അന്വേഷണസംഘത്തിന് അനക്കം തുടങ്ങിയത്.
നവീൻ ബാബുവിനെതിരെ ആദ്യം അനുകൂലമായി പ്രസ്താവന നടത്തിയ കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ.വിജയന്റെ മൊഴിയിലെ മാറ്റവും സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി. കളക്ടർ സ്ഥാനത്തുനിന്നും മാറ്റാതെ അരുൺ കെ.വിജയനെ സംരക്ഷിക്കുന്നതും സിപിഎമ്മാണെന്ന ആരോപണവും ശക്തമാണ്.
ഇൻക്വസ്റ്റ് റിപ്പോർട്ട്
വെട്ടിലാക്കി
ഒകേ്ടാബര്‍ 15ന് രാവിലെ കണ്ണൂര്‍ ടൗണ്‍ പോലീസ് തയാറാക്കിയ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിൽ നവീൻ ബാബുവിന്റെ അടിവസ്ത്രത്തിലെ രക്തക്കറയുടെ പരാമര്‍ശമുണ്ടായിരുന്നു. എന്നാല്‍, എഫ്ഐആറിലും പോസ്റ്റുമോർട്ടം റിപ്പോർട്ടിലും ഇക്കാര്യങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. മൃതദേഹത്തിലെ രക്ത സാന്നിധ്യം പോലീസ് എഫ്ഐആറിലോ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലോ പരാമര്ശിച്ചിട്ടില്ലാത്തതാണ് നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ സംശയത്തിന് കാരണം.ആന്തരികാവയവങ്ങള്‍ക്ക് പരിക്കില്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുമ്പോള്‍ പിന്നെ എങ്ങനെ അടിവസ്ത്രത്തില്‍ രക്തക്കറ വരുമെന്നാണ് കുടുംബം ചോദിക്കുന്നത്.
തൂങ്ങിമരണം തന്നെയാണെന്നും എല്ലാ തൂങ്ങിമരണങ്ങളിലും മലമൂത്രവിസര്‍ജനം കാണാറില്ലെന്നും രക്തംവരുന്നത് സ്വാഭാവികമാണെന്നുമാണ് പോലീസ് വാദം. നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നുവെന്ന പോലീസ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ ഹാജരാക്കിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇല്ലാത്തത് ശ്രദ്ധേയമാണ്. ഇതോടെയാണ്, നവീൻ ബാബുവിന്റെ മരണം കൊലപാതകം എന്ന സംശയത്തിന് കൂടുതൽ ബലമേകുന്നത്.