പൾസ് പോളിയോ: ജില്ലയിൽ 2087 ബൂത്തുകൾ വഴി കുട്ടികൾക്ക് തുള്ളിമരുന്ന് നൽകി
1599268
Monday, October 13, 2025 2:01 AM IST
കണ്ണൂർ: പൾസ് പോളിയോ ഇമ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി ജില്ലയിലെ അഞ്ചു വയസിൽ താഴെയുള്ള കുട്ടികൾക്ക് 2087 ബൂത്തുകളിലൂടെ തുള്ളിമരുന്ന് നൽകി. ജില്ലാതല ഉദ്ഘാടനം മുഴപ്പാല സ്വദേശിനി നിഖിഷയുടെ മകൻ രണ്ടുവയസുകാരൻ നിർവികിന് പോളിയോ മരുന്ന് നൽകി കെ.വി. സുമേഷ് എംഎൽഎ നിർവഹിച്ചു. കണ്ണൂർ ജില്ലാ ആശുപത്രിയിൽ നടന്ന പരിപാടിയിൽ ഡിഎംഒ ഡോ. പിയൂഷ് എം. നമ്പൂതിരിപ്പാട് അധ്യക്ഷത വഹിച്ചു.
ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ.എ.പി. ദിനേശ്, നാഷണൽ ഹെൽത്ത് മിഷൻ കണ്ണൂർ ജില്ലാ പ്രോഗ്രാം മാനേജർ ഡോ.പി.കെ. അനിൽകുമാർ, ജില്ലാ ആശുപത്രി ഡെപ്യുട്ടി സൂപ്രണ്ട് ഡോ. ഗ്രിഫിൻ സുരേന്ദ്രൻ, ജില്ലാ ആർസിഎച്ച് ഓഫീസർ ഡോ.ജി. അശ്വിൻ തുടങ്ങിയവർ പ്രസംഗിച്ചു.
ജില്ലയിലാകെ 2087 ബൂത്തുകൾ വഴിയാണ് തുള്ളിമരുന്ന് നല്കിയത്. ആരോഗ്യ കേന്ദ്രങ്ങൾ, അങ്കണവാടികൾ, സ്കൂളുകൾ, ബസ്സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങി കുട്ടികൾ വരാൻ സാധ്യതയുള്ള ഇടങ്ങളിൽ ആണ് ബൂത്തുകൾ ക്രമീകരിച്ചിരുന്നത്.
പൾസ് പോളിയോ ദിനത്തിൽ വാക്സിൻ ലഭിക്കാത്ത അഞ്ചു വയസിനു താഴെയുള്ള കുട്ടികളെ കണ്ടെത്തി തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ വോളന്റിയർമാർ/ആരോഗ്യ പ്രവർത്തകർ വീടുകളിൽ എത്തി പോളിയോ തുള്ളിമരുന്ന് നല്കും.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ,റോട്ടറി ഇന്റർനാഷണൽ, സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹകരണത്തോടെയാണ് പൾസ് പോളിയോ ഇമ്യൂണൈസേഷൻ പരിപാടി സംഘടിപ്പിക്കുന്നത്.