സഹകരണ മേഖലയെ കൈപ്പിടിയിലാക്കാൻ സർക്കാർ ശ്രമം: കെ.സി. വേണുഗോപാൽ
1599004
Sunday, October 12, 2025 1:33 AM IST
കണ്ണൂർ: സഹകരണ മേഖലയെ കൈപ്പിടിയിലൊതുക്കാനുള്ള കേന്ദ്ര സർക്കാർ നീക്കങ്ങൾക്ക് സംസ്ഥാന സർക്കാർ കുടപിടിക്കുകയാണെന്ന് കെ.സി. വേണുഗോപാൽ എംപി. കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് (കെബിഇസി) രണ്ടാം സംസ്ഥാന സമ്മേളനം കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരള ബാങ്ക് കൊണ്ട് കേരളത്തിന് എന്തു നേട്ടമാണുണ്ടായതെന്ന് ഇനിയെങ്കിലും പരിശോധിക്കപ്പെടേണ്ടതാണെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. സഹകരണ മേഖലയിൽ വൻ പ്രതീക്ഷയാണ് കേരള ബാങ്ക് രൂപികരിക്കുമ്പോൾ ഉണ്ടായത്. എന്നാൽ മേഖലയെ ദുർബലപ്പെടുത്തുന്ന അവസ്ഥയാണ് ഭരണാധികാരികളിൽ നിന്നുണ്ടാവുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കെബിഇസി സംസ്ഥാന പ്രസിഡന്റ് വി.എസ്. ശിവകുമാർ അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയർമാൻ മാർട്ടിൻ ജോർജ് പ്രസംഗിച്ചു. പ്രതിനിധി സമ്മേളനം ബി. രാംപ്രകാശ് ഉദ്ഘാടനം ചെയ്തു. സഹകരണ സെമിനാർ മാർക്കറ്റ് ഫെഡ് ചെയർമാൻ സോണി സെബാസ്റ്റ്യനും സാംസ്കാരിക സമ്മേളനം നടൻ സന്തോഷ് കീഴാറ്റൂരും ഉദ്ഘാടനം ചെയ്തു. ഇന്ന് നടക്കുന്ന വനിതാ സമ്മേളനം മുൻ എംപി രമ്യാ ഹരിദാസും ട്രേഡ് യൂണിയൻ സമ്മേളനം കെ.സുധാകരൻ എംപിയും സമാപന സമ്മേളനം കണ്ണൂർ മേയർ മുസ്ലിഹ് മഠത്തിലും ഉദ്ഘാടനം ചെയ്യും.