പാർട്ടിയിൽ താൻ ഇളയവൻ; സദാനന്ദനെ മന്ത്രിയാക്കിയാൽ ചരിത്രം മാറും-സുരേഷ്ഗോപി
1599277
Monday, October 13, 2025 2:01 AM IST
മട്ടന്നൂർ: കേരളത്തിന് ഉയർന്ന പരിഗണനയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നല്കുന്നതെന്ന് കേന്ദ്ര സഹ മന്ത്രി സുരേഷ്ഗോപി. രാജ്യസഭ എംപി സി. സദാനന്ദന്റെ ഓഫീസ് ഉദ്ഘാടനവും മട്ടന്നൂർ പൗരാവലിയുടെ നേതൃത്വത്തിൽ എംപിക്ക് നല്കുന്ന സ്വീകരണവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യസഭാ എംപിയെന്ന നിലയിൽ വലിയ വികസന പദ്ധതികൾ കണ്ണൂരിലേക്ക് കൊണ്ടുവരാൻ സി. സദാനന്ദന് കഴിയും. കണ്ണൂർ എന്നത് തങ്ങൾക്ക് മനസെത്താത്ത ഇടമല്ല. ഇതിന്റെ ഖ്യാതി സദാനന്ദന് ലഭിക്കുമെന്ന അങ്കലാപ്പാണ് ജയരാജ സഹോദരന്മാർ ഉൾപ്പടെയുള്ളവരുടെ പരാമർശങ്ങളിൽ കണ്ടതെന്നും സുരേഷ്ഗോപി പറഞ്ഞു.
മന്ത്രിയാകണമെന്ന് ഒരിക്കലും താൻ ആഗ്രഹിച്ചിട്ടില്ല. സിനിമാഭിനയം തുടരണമെന്നായിരുന്നു ആഗ്രഹം. ഇപ്പോൾ വരുമാനം വലിയ തോതിൽ നിലച്ചു. പാർട്ടിയിലെ ഏറ്റവും ഇളയ അംഗമാണ് താൻ. തന്നെ ഒഴിവാക്കി സദാനന്ദനെ മന്ത്രിയാക്കിയാൽ പുതിയ രാഷ്ട്രീയ ചരിത്രമാകും. മനസിലുള്ളത് മറച്ചുവച്ച് ചിരിച്ചുകാണിക്കുന്ന രാഷ്ട്രീയക്കാരനാകാൻ തനിക്ക് ഒരിക്കലും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
തന്റെ കലുങ്ക് ചര്ച്ചക്കെതിരായ പ്രചാരണത്തിനെതിരേ പൂച്ചാണ്ടി കാണിച്ച് പേടിപ്പിക്കേണ്ടെന്നായിരുന്നു സുരേഷ്ഗോപിയുടെ മറുപടി. തനിക്ക് പറയാനുള്ളത് പറഞ്ഞുതന്നെ മുന്നോട്ടുപോകും. പ്രജ എന്ന് പറഞ്ഞാൽ എന്താണ് പ്രശ്നമെന്നും, പ്രജ എന്താണെന്ന് ആദ്യം പഠിക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. താൻ എല്ലാകാര്യവും തുറന്നു പറയുന്നയാളാണ്. കേരളത്തിൽ എല്ലാം വളച്ചൊടിക്കുന്ന താണ് ഇപ്പോഴത്തെ പുതിയ രീതിയെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.
ഇപ്പോഴത്തെ കേരളത്തിന്റെ കടം എത്രയാണെന്ന് നോക്കണം. എന്ത് ജനങ്ങൾക്ക് കൊടുത്തില്ലെങ്കിലും അത് കേന്ദ്രം തരാത്തത് കൊണ്ടാണെന്ന തുടുന്യായം മറ്റാരും രാജ്യത്ത് പറയുന്നില്ല. നവംബറിലെയും വരുന്ന ഏപ്രിൽ, മേയ് മാസങ്ങളിലെയും തെരഞ്ഞെടുപ്പ് സമയത്ത് ഇത് ഓർമ വേണമെന്നും അദ്ദേഹം പറഞ്ഞു. മട്ടന്നൂർ- ശിവപുരം റോഡിൽ ഇല്ലംമൂലയിൽ ഓഫീസ് ഉദ്ഘാടനം ചെയ്ത ശേഷം മട്ടന്നൂർ ശ്രീശങ്കര വിദ്യാപീഠം സീനിയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ നടന്ന പൗരസ്വീകരണത്തിൽ സ്വാഗത സംഘം ചെയർമാൻ ഡോ. കൂമുള്ളി ശിവരാമൻ അധ്യക്ഷത വഹിച്ചു.
നേതാക്കളായ വത്സൻ തില്ലങ്കേരി, ബിജു ഏളക്കുഴി, മട്ടന്നൂർ നഗരസഭ കൗൺസിലർ എ. മധുസൂദനൻ, ഡോ. ടി.പി. രവീന്ദ്രൻ, കൃഷ്ണകുമാർ കണ്ണോത്ത്, സി.എച്ച്. മോഹൻദാസ്, പ്രഫ. കെ.കെ. കുഞ്ഞി കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.