വീർപ്പാടും ചെടിക്കുളത്തും കാട്ടുപോത്ത്
1599021
Sunday, October 12, 2025 1:33 AM IST
ഇരിട്ടി: ആറളം പഞ്ചായത്തിലെ വീർപ്പാട്, ചെടിക്കുളം ഭാഗങ്ങളിലെ ജനവാസ മേഖലയിൽ കാട്ടുപോത്തിറങ്ങി. ശനിയാഴ്ച രാവിലെ വീർപ്പാട് ഉരുപ്പുംകുണ്ടിൽ പോണാട്ട് തോമസിന്റെ പറമ്പിലാണ് ആദ്യം കാട്ടുപോത്തിനെ കണ്ടത്. തുടർന്ന് നാട്ടുകാരും വനപാലക സംഘവും ചേർന്ന് പോത്തിനെ തുരത്തി ആറളം ഫാമിലേക്ക് കയറ്റിവിട്ടു. ഇവിടെനിന്ന് ഇതിനെ വനത്തിലേക്ക് തുരത്തിയതായി വനംവകുപ്പധികൃതരും അറിയിച്ചു.
കഴിഞ്ഞദിവസം ആറളം ഫാം പുനരധിവാസ മേഖലയിൽ കാട്ടുപോത്തിനെ കണ്ടിരുന്നു. ഈ കാട്ടുപോത്ത് പുഴകടന്ന് വീർപ്പാട് ഉരുപ്പുംകുണ്ട് മേഖലയിൽ എത്തിയതാകാമെന്നാണ് വനംവകുപ്പിന്റെ നിഗമനം. ഏതാനും ദിവസങ്ങൾക്കു മുന്‍പ് മട്ടന്നൂർ മരുതായിയിൽ നിന്ന് കാട്ടുപോത്തിനെ മയക്കുവെടിവച്ച് പിടികൂടി വനത്തിൽ വിട്ടിരുന്നു. ഈ കാട്ടുപോത്തിനെ ആറളം ഭാഗത്താണ് വിട്ടതെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു.
ഇതാണ് കഴിഞ്ഞ ദിവസം ആറളത്ത് എത്തിയതെന്ന പരാതി നിലനില്‍ക്കെയാണ് ഇപ്പോൾ വീർപ്പാട്, ചെടിക്കുളം ഭാഗങ്ങളിലും കാട്ടുപോത്ത് എത്തിയത്. കാട്ടുപോത്തിനെ കണ്ടതോടെ പ്രദേശവാസികൾ ഭീതിയിലാണ്.