ഇവിടെ തെളിഞ്ഞത് കാർലോയിസം; പങ്കെടുത്തത് രണ്ടായിരം യുവജനങ്ങൾ
1599279
Monday, October 13, 2025 2:01 AM IST
നടുവിൽ: കത്തോലിക്ക സഭ വിശുദ്ധനായി പ്രഖ്യാപിച്ച കാർലോ അക്വിറ്റിസിന്റെ തിരുശേഷിപ്പ് സംവഹിച്ച് തലശേരി അതിരൂപത കെസിവൈഎമ്മിന്റെ നേതൃത്വത്തിൽ വിളക്കന്നൂർ തീർഥാടന ദേവാലയത്തിലേക്ക് നടത്തിയ യുവജന തീർഥാടനം ചരിത്രസാക്ഷ്യമായി. അതിരൂപതയുടെ 19 ഫൊറോനകളുടെ ബാനറുകൾക്ക് പിന്നിൽ രണ്ടായിരത്തിലധികം കെസിവൈഎം പ്രവർത്തകർ വിശുദ്ധ കാർലോ അക്വിറ്റിസിന്റെ വസ്ത്രധാരണ രീതി അനുസ്മരിപ്പിക്കുന്ന തരത്തിൽ വെള്ള
ടീഷർട്ടും നീല ജീൻസും അണിഞ്ഞെത്തിയത് കൗതുക്കാഴ്ചയായി.
റോമിലെ അസീസിയിൽ നിന്നെത്തിച്ച വിശുദ്ധന്റെ തിരുശേഷിപ്പ് സംവഹിച്ച് മൂന്ന് കിലോമീറ്ററിലധികമാണ് നഗരപ്രദക്ഷിണം നടത്തിയത്. കേരളത്തിൽ ആദ്യമായാണ് ഇത്രയധികം യുവജനങ്ങൾ പങ്കെടുത്ത കാർലോ അക്വിറ്റസ് യുവജന തീർഥാടനം നടക്കുന്നത്. മാർ ജോസഫ് പാംപ്ലാനി മൂന്ന് കിലോമീറ്ററിലധികം ദൂരം തീർഥാടനത്തെ അനുഗമിച്ചു. വിശുദ്ധന്റെ ജീവിതത്തിന്റെ വിവിധ ഭാഗങ്ങൾ ഉൾപ്പെടുത്തിയ പത്തു നിശ്ചല ചിത്രങ്ങളും റാലിയുടെ ഭാഗമായി. റാലിയുടെ സമാപനമായി വിളക്കന്നൂർ തീർഥാടന ദേവാലയത്തിൽ നടന്ന വിശുദ്ധ കുർബാനയ്ക്ക് മാർ ജോസഫ് പാംപ്ലാനി മുഖ്യകാർമികത്വം വഹിച്ചു.