മുനമ്പം ജനതയുടെ റവന്യു അവകാശങ്ങൾ പുനഃസ്ഥാപിക്കണം: പാസ്റ്ററൽ കൗൺസിൽ
1599273
Monday, October 13, 2025 2:01 AM IST
കണ്ണൂർ: മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് കണ്ണൂർ രൂപത പാസ്റ്ററൽ കൗൺസിൽ യോഗം സ്വാഗതം ചെയ്തു. പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മുനമ്പം ജനതയുടെ റവന്യു അവകാശങ്ങൾ പുനഃസ്ഥാപിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് പ്രമേയത്തിലൂടെ കൗൺസിൽ ആവശ്യപ്പെട്ടു.
മനുഷ്യനന്മയിൽ ഊന്നിയ ദൈവ വിശ്വാസത്തിലൂടെയാണ് വെല്ലുവിളികൾ നിറഞ്ഞ കാലഘട്ടത്തിൽ ലോകത്തിനു ദൈവാത്മാവിനെ പകരേണ്ടതെന്ന് പാസ്റ്ററൽ കൗൺസിൽ ഉദ്ഘാടന യോഗത്തിൽ അധ്യക്ഷത വഹിച്ച കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല പറഞ്ഞു. സഭയുടെ ശബ്ദമായി മാറാൻ കൗൺസിൽ അംഗങ്ങൾക്ക് സാധിക്കണമെന്നും ക്രിസ്തുവിന്റെ സ്വരം സഭാംഗങ്ങളിലൂടെ കേൾക്കണമെന്നും രൂപത സഹായമെത്രാൻ ഡോ. ഡെന്നിസ് കുറുപ്പശേരി ആഹ്വാനം ചെയ്തു.
ലോഗോസ് ക്വിസിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഷിബു ഫെർണാണ്ടസിനെ ചടങ്ങിൽ ആദരിച്ചു. രൂപത വികാരി ജനറാൾ മോൺ. ക്ലാരൻസ് പാലിയത്ത്, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഫാ. ഷിറോൺ ആന്റണി, രൂപത പ്രൊക്കുറേറ്റർ ഫാ. ജോർജ് പൈനാടത്ത്, ഫാ. ബെന്നി പുത്തറയിൽ, ഫാ. റോയ് നെടുന്താനം, ഫാ. തോംസൺ കൊറ്റിയാത്ത്, ഫാ. ഷോബി ജോർജ്, ഫാ. ജോമോൻ ചെമ്പകശേരി, ഫാ. ജോയ് പൈനാടത്ത്, ഫാ. രാജൻ ഫൗസ്ത, ഫാ. മാർട്ടിൻ രായപ്പൻ, ആന്റണി നൊറോണ, കെ.എച്ച്. ജോൺ, അനീഷ് സ്റ്റീഫൻ, ബൈജു, ബിനു തുടങ്ങിയവർ പ്രസംഗിച്ചു.