ഇരിട്ടി ഉപജില്ലാ ശാസ്ത്ര-ഗണിത ശാസ്ത്രമേള കൊട്ടിയൂരിൽ
1599014
Sunday, October 12, 2025 1:33 AM IST
കേളകം: ഇരിട്ടി ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര - പ്രവൃത്തിപരിചയ- ഐടി മേള 13, 14 തീയതികളിൽ കൊട്ടിയൂർ ഐജെഎം ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുമെന്ന് കൊട്ടിയൂർ ഐജെഎം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എം.യു. തോമസ്, മുഖ്യാധ്യാപകൻ തോമസ് കുരുവിള, സ്കൂൾ പിപിടിഎ പ്രസിഡന്റ് ബോജോ തോമസ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ എം.ജെ. ലിസി തുടങ്ങിയവർ കേളകത്ത് പത്രസമ്മേളനത്തിൽ അറിയിച്ചു.
ഉപജില്ലയിലെ നൂറിലധികം യുപി, എച്ച്എസ്, വിദ്യാലയങ്ങളിൽ നിന്നും 6000 ത്തോളം വിദ്യാർഥികൾ പങ്കെടുക്കും. അഞ്ച് വേദികളിലായാണ് മേള നടക്കുന്നത്.
വേദി ഒന്ന് ഐജെഎം ഹയർ സെക്കൻഡറി സ്കൂൾ കൊട്ടിയൂർ, വേദി രണ്ട് സൺഡേ സ്കൂൾ ചുങ്കക്കുന്ന്, വേദി മൂന്ന് ഗവൺമെന്റ് യുപി സ്കൂൾ ചുങ്കക്കുന്ന്, വേദി നാല് ഗവൺമെന്റ് യുപി സ്കൂൾ തലക്കാണി, വേദി 5 എൻഎസ്എസ്കെയുപി സ്കൂൾ കൊട്ടിയൂർ എന്നിവിടങ്ങളിൽ നടക്കും. മേളയുടെ ഉദ്ഘാടനം രാവിലെ 11 ന് കൊട്ടിയൂർ ഐജെഎം ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.
സ്കൂൾ മാനേജർ റവ.ഫാ. സജി പുഞ്ചയിൽ അധ്യക്ഷത വഹിക്കും. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്യും. എഇഒ സി.കെ. സത്യൻ മേള വിശദീകരിക്കും.
14-ന് വൈകുന്നേരം നാലിന് സമാപന സമ്മേളനം കൊട്ടിയൂർ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.