ബോംബിനും ആയുധങ്ങൾക്കുമായി പോലീസ് റെയ്ഡ്
1599271
Monday, October 13, 2025 2:01 AM IST
കണ്ണൂർ: കൂത്തുപറന്പ് മേഖലയിൽ ആയുധങ്ങളും ബോംബിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയതും ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്ന് ചില സ്ഫോടന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതിന്റേയും അടിസ്ഥാനത്തിൽ പോലീസ് പരിശോധന കർശനമാക്കി. അക്രമ സംഭവങ്ങൾ അമർച്ച ചെയ്യുന്നതിന്റെ ഭാഗമായാണ് കണ്ണൂർ പോലീസ് ഡിവഷനു കീഴിലുള്ള സ്റ്റേഷൻ പരിധിയിൽ ഇന്നലെ റെയ്ഡ് നടത്തിയത്.
കൂത്തുപറന്പ് മേഖലയിൽ നടത്തിയ പരിശോധനയ്ക്ക് പുറമെ കണ്ണൂർ ടൗൺ എസിപി പ്രദീപൻ കണ്ണിപൊയിലിന്റെ നേതൃത്വത്തിൽ വളപട്ടണം, മയ്യിൽ പോലീസ് സ്റ്റേഷൻ പരിധിയിലെ അഴീക്കൽ, അഴീക്കോട് ഭാഗങ്ങളിലും ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ പ്രദേശങ്ങളിലും പോലീസും ബോംബ് സ്ക്വാഡും സംയുക്ത പരിശോധന നടത്തി.
ഇന്നലെ രാവിലെ ഒന്പതിന് ആരംഭിച്ച പരിശോധന ഉച്ചയ്ക്ക് 12.30 വരെ തുടർന്നെങ്കിലും കാര്യമായി ഒന്നും കണ്ടെത്താനായില്ല.
തദ്ദേശ തെരഞ്ഞെടുപ്പുകൂടി പ്രഖ്യാപിച്ച സാഹചര്യത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ പരിശോധന നടത്താനാണ് പോലീസ് നീക്കം. സംഘർഷ സാധ്യത പ്രദേശങ്ങളിൽ ബോംബുവേട്ടയ്ക്കായി പ്രത്യേക പോലീസ് സംഘത്തെ തന്നെ ഇറക്കാനാണ് തീരുമാനം.