ഗ്രേറ്റ് ബോംബെ സർക്കസിന് ജനം ഒഴുകുന്നു
1599005
Sunday, October 12, 2025 1:33 AM IST
കണ്ണൂർ: ഏത്യോപ്യൻ കലാകാരൻമാരുടെ മാസ്മരിക പ്രകടനങ്ങളുമായി പോലീസ് മൈതാനിയിൽ നടക്കുന്ന ഗ്രേറ്റ് ബോംബ സർക്കസ് തന്പിലേക്ക് സർക്കസ് ആസ്വാദകരുടെ ഒഴുക്ക്. അബ്ദുറഹ്മാന് നുര്ഹുസെന് അബ്ദുളള (35), തഡെസ് എറിമിയാസ് ഗിര്‍മെ (22), മെകോനെന് ഹബ്തമു ഫിക്കാഡു (27), യിഗ്രെം മെക്ഡെലവിറ്റ് ഡെസലേഗ് (23), ടെഫെറ യീംലക്നേഷ് ഡെഗിഫ് (26), അയ്ലെ ടിനുന്സെര് അബ്രിഹേന് (22), എന്നീ ആറ് ഏത്യോപ്യന്‍ കലാകാരന്മാരും ചെകോല് ഡെബാസു അമിലാക് (31), അഗിമാസ് ഗെറ്റ്നെറ്റ് മൊല്ല (30), കിഫ്ലെ അബെല്‍ ഗിര്‍മ (22) എന്നീ മൂന്ന് പുതിയ ഏത്യോപ്യന്‍ കലാകാരന്മാരും ഉള്‍പ്പെടുന്ന ഒന്‍പതംഗ സംഘത്തിന്റെ കലാപ്രകടനമാണ് സർക്കസിന്റെ പ്രധാന ആകർഷണം.
ഇവര്‍ അവതരിപ്പിക്കുന്ന ഇനങ്ങളായ ട്രക്കോ ബാലന്‍സ് ആക്രോബാറ്റിക്, ക്ലബ് ജഗ്ലിങ്, ഇക്കരംഗ ആക്ട്, കൊണ്ടോര്ഷന് ആക്ട്, ഫുട്ട് ജഗ്ലിങ്, റോളര്‍ സ് കേറ്റിങ്, ക്യൂ ബ് ജഗ്ലിങ്, ആന്റിപോഡ് കൊണ്ടോര്ഷന് എന്നിവ മെയ്യഭ്യാസത്തിന്റെ മികവുകളായി കാണികളിൽ അദ്ഭുതം പടർത്തുകയാണ്. ഏത്യോപ്യയുടെ തലസ്ഥാനമായ എഡിസബാബയിലുളള സര്‍ക്കസ് അക്കാഡമിയില്‍നിന്ന് നാലു വര്‍ഷത്തെ കോഴ്സ് പൂര്‍ത്തിയാക്കിയവരാണ് ഈ കലാകാരൻമാർ. ഇതിനു മുമ്പ് പല വിദേശരാജ്യങ്ങളിലും സര്‍ക്കസിലും സ്റ്റേജ് ഇവന്റിലും മികച്ച പ്രകടനങ്ങള്‍ നടത്തിയ പരിചയ സന്പന്നതോടെയാണ് ഇവർ തന്പിൽ വിസ്മയം തീർക്കുന്നത്.
മണിപ്പുരി കലാകാരൻമാരുടെ പ്രകടനങ്ങളാണ് സർക്കസിന്റെ മറ്റൊരു ആകർഷണം.
സോഡ് ആക്ട്, ഗ്രൂപ്പ് ആക്രോബാറ്റിക്സ്,അമേരിക്കന്‍ ലിംബിംഗ് ബോര്‍ഡ്, റഷ്യന്‍ സ്പൈഡ് റിംഗ്, റഷ്യന്‍ ഡവിള്‍ ക്ലൗണ്‍ ഐറ്റം, റഷ്യന്‍ വെര്‍ട്ടിക്കല്‍ സ്വിംഗിംഗ് ആക്രോബാറ്റ്, റഷ്യന്‍ ക്ലൗണ്‍ സ്കിപിംഗ്, റഷ്യന്‍ കാന്‍ഡില്‍ ബോണ്‍ലെസ് ഐറ്റം എന്നിവ ഇതില്‍ ചിലതു മാത്രമാണ്. റഷ്യന്‍ ബാലെയുടെ ചുവട് പിടിച്ച് അവര്‍ അവതരിപ്പിക്കുന്ന അതിസാഹസിക അഭ്യാസപ്രകടനങ്ങളും അദ്ഭുതപ്പെടുത്തും.
ഉച്ചയ്ക്ക് ഒന്നിനും വൈകുന്നേരം നാലിനും രാത്രി ഏഴിനുമാണ് പ്രദർശനം. 150, 200, 250, 350 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. 350 രൂപയുടെ സീറ്റിന് അഡ്വാൻസ് ബുക്കിംഗ് സൗകര്യവുമുണ്ട്. രാവിലെ ഒന്‍പത് മുതൽ വൈകുന്നേരം ആറുവരെയാണ് ബുക്കിംഗ് സമയം. ഫോൺ: 8075 966829, 8921628262, 8893606308.