വന്യജീവി ആക്രമണം തടയാൻ നൂതന ആശയവുമായി വിദ്യാർഥികൾ
1599514
Tuesday, October 14, 2025 1:49 AM IST
കൊട്ടിയൂർ: വർധിച്ചുവരുന്ന വന്യജീവി ആക്രമണം തടയാൻ ടെക്നോളജിയുടെ സഹായത്തോടെ നൂതന ആശയം അവതരിപ്പിക്കുകയാണ് ഇരിട്ടി ഉപജില്ല ശാസ്ത്രമേളയിൽ വിദ്യാർഥികൾ. കൊളക്കാട് സാന്തോം ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികളായ ജോനാൻ ജോസ് റോബിൻ, ജിസ് കെ. തോമസ് എന്നിവരാണ് പുതിയ ആശയവുമായി രംഗത്തെത്തിയത്.
മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണ സിസ്റ്റം എന്നാണ് ഉപകരണത്തിന്റെ പേര്. അൾട്രാസോണിക് റഡാർ സിസ്റ്റത്തോടൊപ്പം തെർമൽ ഇമേജ് കാമറ ഘടിപ്പിച്ചാണ് ഉപകരണം പ്രവർത്തിക്കുന്നത്. വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് കടക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ ഉപകരണം സ്ഥാപിക്കുകയും കടക്കുന്ന സമയത്ത് തെർമൽ ഇമേജ് കാമറ ഉപയോഗിച്ച് പകർത്തുന്ന ചിത്രങ്ങൾ കംപ്യൂട്ടറിന്റെ സഹായത്തോടെ പരിശോധിച്ച ഏത് മൃഗമാണെന്ന് നിശ്ചയിക്കുകയും ചെയ്യും.
വന്യമൃഗം ജനവാസ മേഖലയ്ക്ക് അടുത്ത് എത്തി എന്ന് വ്യക്തമായാൽ സിസ്റ്റത്തിൽ നിന്ന് തന്നെ ഫോറസ്റ്റ് ഓഫീസിലേക്കും റാപ്പിഡ് ആക്ഷൻ ടീമിലേക്കും അതോടൊപ്പം പ്രദേശവാസികളുടെ വാട്സ്ആപ് കൂട്ടായ്മയിലേക്കും സന്ദേശങ്ങൾ അയയ്ക്കും. കൂടാതെ വനാതിരത്തിൽ സ്ഥാപിച്ചിരി ക്കുന്ന ഇലക്ട്രിക് പെൻസികൾ ആക്ടിവേറ്റ് ആവുകയും. വന്യമൃഗങ്ങളെ പിന്തിരിപ്പിക്കാൻ ഉള്ള ശബ്ദം പുറപ്പെടുവിക്കുകയും ചെയ്യും.
ഇത്തരത്തിൽ വന്യ മൃഗങ്ങളെ പ്രതിരോധിക്കാനുമാകും. വളരെ ചെലവ് കുറഞ്ഞ രീതിയിൽ കർഷകർക്കും,വ്യവസായിക അടിസ്ഥാനത്തിൽ വനം വകുപ്പിനും ഇത് നിർമിക്കാനാകും. 360 ഡിഗ്രി കാമറ തിരിയുന്നതിനാൽ ഏതെങ്കിലും കാരണവശാൽ വന്യമൃഗം ജനവാസ മേഖലയിൽ കടന്നാൽ എവിടെയാണ് മൃഗമുള്ളതെന്ന് കൃത്യമായി കണ്ടുപിടിക്കാനും ഉപകരണം വഴി കഴിയും.
കൊട്ടിയൂർ ഐജെഎം ഹയർ സെക്കൻഡറി സ്കൂളിൽ ശാസ്ത്രമേള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. സജി പുഞ്ചയിൽ അധ്യക്ഷത വഹിച്ചു.