ഭീമമായ പിഴ ചുമത്തുന്ന നടപടി അവസാനിപ്പിക്കണം: ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ
1599012
Sunday, October 12, 2025 1:33 AM IST
കണ്ണൂർ: നിസാര കാര്യങ്ങൾക്കു പോലും പകപോക്കൽ മനോഭാവത്തോടെ പോലീസും മോട്ടോർവാഹന വകുപ്പും സ്വകാര്യ ബസുകൾക്കു മേൽ ഭീമമായ പിഴ ചുമത്തുന്ന നടപടി അവസാനിപ്പിക്കണമെന്നും പൊട്ടിത്തകർന്ന റോഡുകൾ ഗതാഗതയോഗ്യമാക്കാൻ നടപടികൾ സ്വീകരിക്കണമെന്നും കണ്ണൂർ ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ വാർഷിക ജനറൽ ബോഡിയോഗം ആവശ്യപ്പെട്ടു.
ഇക്കോസ് ഓഡിറ്റോറയത്തിൽ നടന്ന യോഗത്തിന് പ്രസിഡന്റ് പി.കെ. പവിത്രൻ അധ്യക്ഷത വഹിച്ചു. ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ പെർമിറ്റ് പുതുക്കി നൽകുക, വിദ്യാർഥികളുടെ കൺസഷൻ നിരക്ക് വർധിപ്പിക്കുക എന്നീ ആവശ്യങ്ങളിൽ സർക്കാർ കാണിക്കുന്ന നിലപാടിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തി. കണ്ണൂർ-തലശേരിറൂട്ടിൽ സർവീസ് നടത്തുന്ന ബസുകൾക്ക് നടാൽ ഒ.കെ. യുപി സ്കൂൾ പരിസരത്ത് അണ്ടർ പാസ് നിർമിച്ചു യാത്ര പ്രശ്നത്തിന് പരിഹാരമുണ്ടാക്കാൻ ഒരു നടപടിയും സ്വീകരിക്കാത്തതിൽ യോഗം ആശങ്ക രേഖപ്പെടുത്തി.
പുതിയതെരു ട്രാഫിക പരിഷ്കരണത്തോടനുബന്ധിച്ച് ട്രാഫിക് റഗുലേറ്ററി കമ്മിറ്റി തീരുമാനം അടിയന്തിരമായി നടപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. 25ന് നടക്കുന്ന ജില്ലാ സമ്മേളനവും കുടുംബ സംഗമവും വിജയിപ്പിക്കുന്നതിനായി പി.കെ. പവിത്രൻ ചെയർമാനും ടി. രാധാകൃഷ്ണൻ ജനറൽ കൺവീനറായും 25 അംഗ സ്വാഗതസംഘം രൂപീകരിച്ചു.
ജനറൽ സെക്രട്ടറി ഒ. പ്രദീപൻ, സി. മോഹനൻ, ടി. രാധാകൃഷ്ണൻ, എം. കെ. അസീൽ, എസ്. അഷറഫ് എന്നിവർ പ്രസംഗിച്ചു.