കണ്ണൂരിലെ ഹൈടെക് ബസ് ഷെൽട്ടറിന്റെ ഗ്ലാസ് തകർന്നു
1599517
Tuesday, October 14, 2025 1:49 AM IST
കണ്ണൂർ: കാൾടെക്സിൽ കഴിഞ്ഞ വെള്ളിയാഴ്ച്ച വൈകുന്നേരം കോർപറേഷൻ മേയർ ഉദ്ഘാടനം ചെയ്ത എസി ഹൈടെക് ബസ് സ്റ്റോപ്പിന്റെ മുൻവശത്തെ ഗ്ലാസ് തകർന്നു. ഇന്നലെ രാവിലെയാണ് ഈ കാര്യം ശ്രദ്ധയിൽപ്പെടുന്നത്. ഇതോടെ പൂർണമായി ശീതികരിച്ച ബസ് ഷെൽട്ടറിന്റെ പ്രവർത്തനവും അവതാളത്തിലായി. ആരെങ്കിലും കല്ലെടുത്ത് എറിഞ്ഞു തകർത്തതാണോയെന്ന സംശയത്തിലാണ് പോലീസ്. കണ്ണൂർ ടൗൺ പോലിസ് സിസിടിവി കാമറ കേന്ദ്രീകരിച്ചു അന്വേഷണം ഊർജിതമാക്കി.
40 ലക്ഷം രൂപ ചെലവിൽ കൂൾ വെൽ എന്ന സ്വകാര്യ കമ്പനിയാണ് കണ്ണൂർ കോർപറേഷൻ വിട്ടു കൊടുത്ത സ്ഥലത്ത് സോളാറിൽ പ്രവർത്തിക്കുന്ന എസി ബസ് ഷെൽട്ടർ സ്ഥാപിച്ചത്. സോളാറിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ ആദ്യ ഹൈബ്രിഡ് ബസ് ഷെൽട്ടറാണിത്. ഷെൽട്ടറിനുള്ളിലെ കാമറകൾ പോലിസ് കൺട്രോൾ റൂമുമായി ബന്ധപ്പെടുത്തിയിട്ടുണ്ടെങ്കിലും സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ പുറത്ത് വന്നപ്പോഴാണ് പുറം ലോകമറിയുന്നത്.