മാതൃവേദി അതിരൂപത കലോത്സവം ; പേരാവൂർ മേഖലയ്ക്ക് കിരീടം
1599024
Sunday, October 12, 2025 1:33 AM IST
ചെമ്പേരി: സീറോ മലബാർ മാതൃവേദി തലശേരി അതിരൂപത കലോത്സവത്തിൽ- "നസ്രാണി ഫെസ്റ്റ് 2025' പേരാവൂർ മേഖല ജേതാക്കൾ. ചെമ്പേരി നിർമല സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ആവേശകരമായ കലാപോരാട്ടത്തിൽ നൂറ് പോയിന്റുകളോടെയാണ് പേരാവൂർ എവർറോളിംഗ് ട്രോഫി കരസ്ഥമാക്കിയത്. 93 പോയിന്റുകൾ വീതം നേടിയ പൈസക്കരി, തോമാപുരം മേഖലകൾ രണ്ടാം സ്ഥാനം പങ്കിട്ടു. 78 പോയിന്റുമായി എടൂർ മേഖലയ്ക്കാണ് മൂന്നാം സ്ഥാനം. യൂണിറ്റുകളിൽ മണ്ഡപം (46 പോയിന്റ്) ഒന്നാം സ്ഥാനവും പൈസക്കരി (28 പോയിന്റ്) രണ്ടാം സ്ഥാനവും ചുണ്ടപ്പറമ്പ് (27 പോയിന്റ്) മൂന്നാം സ്ഥാനവും സ്വന്തമാക്കി.
ഇന്നലെ രാവിലെ കലോത്സവത്തിന് തുടക്കം കുറിച്ച് മാതൃവേദി അതിരൂപത പ്രസിഡന്റ് സിസി ആന്റണി പതാക ഉയർത്തി. തലശേരി അതിരൂപത പ്രോട്ടോ സിഞ്ചെല്ലൂസ് മോൺ. ആന്റണി മുതുകുന്നേൽ ഉദ്ഘാടനം ചെയ്തു. ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ റവ. ഡോ. ജോർജ് കാഞ്ഞിരക്കാട്ട്, മാതൃവേദി അതിരൂപത ഡയറക്ടർ ഫാ. ജോബി കോവാട്ട് എന്നിവർ പ്രസംഗിച്ചു.
അതിരൂപതയിലെ 19 മേഖലകളിൽ നിന്നെത്തിയ ആയിരത്തിലേറെ അമ്മമാർ ഒമ്പത് വേദികളിലായി പത്ത് മത്സരയിനങ്ങളിൽ മാറ്റുരച്ചു.
സുന്ദരമായ നൃത്തച്ചുവടുകളും അതിശയിപ്പിക്കുന്ന ദൃശ്യാവിഷ്കാരങ്ങളും പ്രതിഭ തെളിയിക്കുന്ന അവതരണങ്ങളും കലോത്സവത്തെ ഉജ്വലമാക്കി. വിജയികൾക്കുള്ള ട്രോഫികളും സമ്മാനങ്ങളും അതിരൂപത ചാൻസലർ റവ. ഡോ. ജോസഫ് മുട്ടത്തുകുന്നേൽ വിതരണം ചെയ്തു. മാതൃവേദി അതിരൂപത ഡയറക്ടർ ഫാ. ജോബി കോവാട്ട്, ആനിമേറ്റർ സിസ്റ്റർ ലിന്റ സിഎച്ച്എഫ്, ബ്രദർ ജോയൽ, കലോത്സവ കോ-ഓർഡിനേറ്റർ ലിൻസി, ജോയിന്റ് കോ-ഓർഡിനേറ്റർ ജിജി. അതിരൂപത പ്രസിഡന്റ് സിസി ആന്റണി, ഭാരവാഹികളായ മേഴ്സി വാതപ്പള്ളിൽ, വത്സമ്മ മുണ്ടിയാനിയ്ക്കൽ, റെജീന തെക്കേപ്പറമ്പിൽ, ബീന പുത്തൂർ എന്നിവർ നേതൃത്വം നൽകി. ചെമ്പേരി മേഖല പ്രസിഡന്റ് ശ്രീമതി ഷീബ തെക്കേടത്തിന്റെ നേതൃത്വത്തിലുള്ള മാതൃവേദി പ്രവർത്തകർ മത്സരാർഥികൾക്കായി വിഭവസമൃദ്ധമായ ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഒരുക്കി.