ഓണത്തിന് വെളിച്ചെണ്ണ വില കൂടില്ല
1588838
Wednesday, September 3, 2025 1:40 AM IST
വൈ.എസ്. ജയകുമാർ
കണ്ണൂർ: തമിഴ്നാട്ടിൽ കൊപ്രയും വെളിച്ചെണ്ണയും പൂഴ്ത്തിവച്ചില്ലെങ്കിൽ വെളിച്ചെണ്ണ വില ഓണം കഴിഞ്ഞാലും കൂടില്ല. 460 രൂപയിലേക്ക് ഉയർന്ന വെളിച്ചെണ്ണയ്ക്ക് കഴിഞ്ഞ ദിവസത്തെ ചില്ലറ വില 390 രൂപയാണ്. സബ്സിഡിയിൽ സപ്ലൈകോ വഴി വെളിച്ചെണ്ണ വിതരണം തുടങ്ങുകയും പൊതു വിപണിയിലെ ആവശ്യം കുറയുകയും ചെയ്തതോടെ വിലയിടിവ് മുന്നിൽക്കണ്ട തമിഴ്നാട്ടിലെ കാങ്കയത്തെ മില്ലുടമകൾ പൂഴ്ത്തിവച്ച കൊപ്ര പുറത്തിറക്കുകയായിരുന്നു.
അതിനാൽ ഓണത്തിനു വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപയ്ക്കു മുകളിലേക്കെത്തിയില്ല.
സപ്ലൈകോയിൽ വിലകുറച്ച് വെളിച്ചെണ്ണ വില്പന തുടങ്ങിയതോടെ പൊതുവിപണിയിലെ കച്ചവടം കുത്തനേയിടിഞ്ഞു. മാത്രമല്ല, ഉപഭോക്താക്കൾ മറ്റ് പാചക എണ്ണകളിലേക്കു തിരിയുകയും ചെയ്തു. ഇതോടെ വെളിച്ചെണ്ണ വാങ്ങുന്നവരുടെ എണ്ണത്തിൽ വലിയ ഇടിവുണ്ടായി. വെളിച്ചെണ്ണയ്ക്കും നാളികേരത്തിനും വിലകൂട്ടുന്ന മൂന്ന് ഉത്സവങ്ങളാണ് ഇനി വരാനുള്ളത്. ഇതിൽ ആദ്യത്തേത് ബിഹാറിലെ ചട് പൂജയാണ്. വടക്കേ ഇന്ത്യക്കാർ ദീപാവലിക്കായും തേങ്ങയും കൊപ്രയും കൂടുതൽ വാങ്ങും. പലഹാര നിർമാണത്തിനായാണ് രണ്ട് ഉത്സവത്തിനും ഉണ്ടകൊപ്ര കൂടുതൽ കൊണ്ടുപോകുന്നത്. ദക്ഷിണേന്ത്യയിലാകെ തേങ്ങയുടെ ആവശ്യം കൂടുന്ന ശബരിമല തീർഥാടനകാലത്ത് തേങ്ങ വില കൂടുകയാണ് പതിവ്.
മൂന്ന് ഉത്സവ കാലങ്ങളിലും കാങ്കയത്തെ മില്ലുകാർ പൂഴ്ത്തിവയ്പ് നടത്തിയില്ലെങ്കിൽ വെളിച്ചെണ്ണ വില കിലോയ്ക്ക് 380- 390 രൂപയിൽ തുടരുമെന്നും വ്യാപാരികൾ പറയുന്നു.കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ കൊപ്ര വാങ്ങിക്കൂട്ടിയ കാങ്കയത്തെ മില്ലുകാർ പൂഴ്ത്തിവച്ചതാണ് രണ്ടുമാസമായി വെളിച്ചെണ്ണ വില കുത്തനേ ഉയരാൻ ഇടയാക്കിയതെന്നാണു വിലയിരുത്തുന്നത്. തമിഴ്നാട്ടിൽ ചെറുതും വലുതുമായ ഏഴായിരത്തിലേറെ മില്ലുകളുമുണ്ട്.
ഇതിൽ 500 ലേറെ വൻകിട മില്ലുകൾ ഓരോന്നും ഒന്നര കോടിയിലേറെ തേങ്ങ വാങ്ങി പൂഴ്ത്തിവച്ചതായി കണക്കാക്കുന്നു. ഇതോടെ വിപണിയിൽ തേങ്ങയ്ക്കും കൊപ്രയ്ക്കും കൃത്രിമക്ഷാമം ഉണ്ടാകുകയും വില കുതിച്ചുയരുകയുമായിരുന്നു. തമിഴ്നാട്ടിൽ വെളിച്ചെണ്ണ ഭക്ഷ്യയെണ്ണയായി ഉപയോഗിക്കാത്തതിനാൽ പൂഴ്ത്തിവയ്ക്കലിനെതിരേ സർക്കാർ നടപടി സ്വീകരിച്ചതുമില്ല. വില കൂടില്ലെന്ന് ഉറപ്പായതോടെ പൂഴ്ത്തിവച്ച കൊപ്ര വിപണിയിലിറക്കുകയും വിളവെടുപ്പു കാലമായതോടെ തേങ്ങവരവ് കൂടുകയും ചെയ്തു. ഇതോടെയാണ് വില കുറഞ്ഞത്.
നിലവിൽ കർണാടകയിലും ആവശ്യത്തിന് തേങ്ങയും കൊപ്രയും എത്തുന്നുണ്ട്. അതിനാൽ കൊപ്ര വില ഇനി ഉയരാനിടയില്ലെന്ന് കൊച്ചിൻ ഓയിൽ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് താലത്ത് മുഹമ്മദ് പറഞ്ഞു.
വില ഉയർന്നതോടെ കേരളീയർ വെളിച്ചെണ്ണ ഉപേക്ഷിച്ച് മറ്റ് സസ്യ എണ്ണകളിലേക്ക് തിരിഞ്ഞിട്ടുണ്ട്. മറ്റ് എണ്ണകൾ ശീലമാക്കിയവർ വെളിച്ചെണ്ണ പാചകത്തിലേക്ക് തിരിച്ചുവരാതിരുന്നാൽ സംസ്ഥാനത്തെ വെളിച്ചെണ്ണ വ്യാപാരത്തിന് തിരിച്ചടിയാകുമെന്ന് വെളിച്ചെണ്ണ വ്യാപാരികൾ ഭയക്കുന്നു. ഇത് നാളികേര കർഷകർക്കു തിരിച്ചടിയും മറ്റ് എണ്ണകളുടെ വില്പനയ്ക്ക് ഗുണകരവും ആകുമെന്ന് അദ്ദേഹം പറഞ്ഞു.