"ജലമാണ് ജീവൻ' കിണറുകളിലെ ക്ലോറിനേഷന് തുടക്കം
1588142
Sunday, August 31, 2025 6:57 AM IST
കണ്ണൂർ: അമീബിക് മസ്തിഷ്കജ്വരം റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ സുരക്ഷിത ജല ലഭ്യതയും ജലജന്യ രോഗപ്രതിരോധവും ലക്ഷ്യമിട്ട് സംസ്ഥാന വ്യാപകമായി നടത്തുന്ന "ജലമാണ് ജീവൻ' ജനകീയ തീവ്ര കർമപരിപാടിക്ക് ജില്ലയിൽ തുടക്കമായി. ഇതിന്റെ ഭാഗമായി കിണറുകൾ ക്ലോറിനേറ്റ് ചെയ്യുന്ന ആദ്യഘട്ട പ്രവർത്തനം ആരംഭിച്ചു.
മലിനമായ കുളങ്ങൾ, പുഴകൾ എന്നിവയ്ക്കു പുറമെ കിണറുകളിലും വൃത്തിയാക്കാത്ത വാട്ടർ ടാങ്കുകളിലും അമീബയുടെ സാന്നിധ്യമുണ്ടെന്ന് പഠനങ്ങളിലൂടെ കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. ഹരിതകേരളം മിഷൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ "ജലമാണ് ജീവൻ' കാമ്പയിൻ ആരംഭിച്ചിട്ടുള്ളത്. ക്ലോറിനേഷന്റെ ആദ്യ ദിവസം ജില്ലയിലെ 49 പഞ്ചായത്തുകളിലും കണ്ണൂർ കോർപറേഷൻ ഉൾപ്പെടെ ആറ് നഗരസഭകളിലുമാണ് പ്രവർത്തനങ്ങൾ തുടങ്ങിയത്.
ജില്ലയിലെ മുഴുവൻ കിണറുകളും ക്ലോറിനേറ്റ് ചെയ്യാനും മുഴുവൻ വീടുകളിലേയും സ്ഥാപനങ്ങളിലേയും വാട്ടർടാങ്കുകൾ വൃത്തിയാക്കാനുമുള്ള പ്രവർത്തനങ്ങൾ ഇന്നും തുടരും. ഈ ദിവസങ്ങളിൽ പൂർത്തിയാകാത്ത ഇടങ്ങളിൽ മറ്റ് ദിവസങ്ങളിൽ ക്ലോറിനേഷൻ നടത്തും. തോടുകൾ, കിണറുകൾ, മറ്റ് ജലാശയങ്ങൾ എന്നിവ ശുചീകരിക്കാനുള്ള വിപുലമായ ശ്രമങ്ങളും ജില്ലയിൽ ഏറ്റെടുക്കുന്നുണ്ട്.
ക്ലോറിനേഷന് ആവശ്യമായ ബ്ലീച്ചിംഗ് പൗഡർ/ക്ലോറിൻ ഗുളികകൾ എന്നിവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയാണ് ലഭ്യമാക്കുന്നത്. ആശാ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമസേന, തൊഴിലുറപ്പ് തൊഴിലാളികൾ, സന്നദ്ധ പ്രവർത്തകർ, സന്നദ്ധ സംഘടനകൾ തുടങ്ങിയവരെ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.
കണ്ണൂർ കോർപറേഷനിൽ തെക്കീബസാറിലെ പൊതുകിണർ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ എം.പി. രാജേഷിന്റെ നേതൃത്വത്തിൽ ക്ലോറിനേറ്റ് ചെയ്തു. ക്ലീൻ സിറ്റി മാനേജർ ഷൈൻ പി. ജോസ്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ രേഷ്മ രമേശൻ, ഹെൽത്ത് ഇൻസ്പെക്ടർ സജില വളർപ്പാൻ എന്നിവർ നേതൃത്വം നൽകി.
പയ്യന്നൂർ ബ്ലോക്ക്തല പ്രവർത്തനങ്ങൾ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ കിണർ ക്ലോറിനേറ്റ് ചെയ്തുകൊണ്ട് ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. വൽസല, വൈസ് പ്രസിഡന്റ് എം.വി. അപ്പുക്കുട്ടൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. മോഹനൻ, ആരോഗ്യ വകുപ്പ് ജെഎച്ച്ഐ വിനോദ്, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ പി. അരുൾ, ആശാവർക്കർ കെ. സുനിത എന്നിവർ നേതൃത്വം നൽകി.