സ്കൂളുകളിൽ ഓണാഘോഷം അതിരുകടന്നു; വിദ്യാർഥികൾ ഓടിച്ച വാഹനങ്ങൾ പിടിച്ചെടുത്തു
1587790
Saturday, August 30, 2025 2:09 AM IST
ഇരിട്ടി: ഓണാഘോഷം പരിധി വിട്ടതോടെ വിദ്യാർഥികൾ ഓടിച്ച വാഹനം പോലീസ് പിടിച്ചെടുത്തു. ലൈസൻസ് ഇല്ലാതെയും വിദ്യാർഥികളെ കുത്തിനിറച്ചും ഓടിച്ച വാഹനങ്ങളാണ് പിടിച്ചെടുത്തത്. പാല, കാവുംപടി സ്കൂളുകളിലെ വിദ്യാർഥികളാണ് പുത്തൻ കാറുകളുമായി സ്കൂളിലെത്തി സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഭീഷണിയാകുന്ന വിധം വാഹനം ഓടിച്ചത്. മുഴക്കുന്ന് എസ്എച്ച്ഒ എ.വി. ദിനേശ്, എസ്ഐ ജാൻസി മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസാണ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തത്. വാഹന ഉടമകളെയും രക്ഷിതാക്കളെയും സ്റ്റേഷനിൽ എത്തിച്ചാൽ മാത്രമേ വാഹനങ്ങൾ തിരിച്ചുനൽകുകയുള്ളുവെന്ന് പോലീസ് പറഞ്ഞു.