10 കോടിയുടെ പദ്ധതികളുമായി ടിഎസ്എസ്എസ്
1588567
Tuesday, September 2, 2025 1:29 AM IST
ചെമ്പേരി: പത്തുകോടി രൂപയുടെ വാർഷിക പദ്ധതി പ്രഖ്യാപനവുമായി തലശേരി സോഷ്യൽ സർവീസ് സൊസൈറ്റി (ടിഎസ്എസ്എസ്). സൊസൈറ്റിയുടെ 59 ാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി ചെമ്പേരി മദർ തെരേസ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്ത തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിയാണ് പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്.
150 പേർക്ക് തൊഴിൽ പരിശീലനം, പന്ത്രണ്ടായിരം വൃക്ഷത്തൈകൾ നടലും പരിപാലിക്കലും, 25 സ്കൂളുകളിൽ ഔഷധ സസ്യങ്ങൾ നട്ടുവളർത്തൽ, 300 കിണർ റീചാർജിംഗ് യൂണിറ്റുകൾ, 60 മഴവെള്ള സംഭരണികൾ, ചെക്ക് ഡാമുകൾ ഉൾപ്പെടെയുള്ള നീർത്തട വികസന പദ്ധതി എന്നിവയടങ്ങുന്ന വാർഷിക പദ്ധതിയാണു സൊസൈറ്റിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ചത്.
ജപ്തി ഭീഷണി മൂലം ദുരിതത്തിലായവർക്ക് പ്രത്യേക പാക്കേജ് ഏർപ്പെടുത്തുമെന്നും ആർച്ച്ബിഷപ് അറിയിച്ചു. ടിഎസ്എസ്എസ് പ്രസിഡന്റും അതിരൂപത വികാരി ജനറാളുമായ മോൺ. ആന്റണി മുതുകുന്നേൽ അധ്യക്ഷത വഹിച്ചു.
ടിഎസ്എസ്എസ് അതിരൂപത ഡയറക്ടർ ഫാ. ബിബിൻ വരമ്പകത്ത് ആമുഖ പ്രഭാഷണം നടത്തി. അതിരൂപത ചാൻസലർ റവ. ഡോ. ജോസഫ് മുട്ടത്തുകുന്നേൽ മുഖ്യാതിഥിയും എകെസിസി ഗ്ലോബൽ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ വിശിഷ്ടാതിഥിയുമായിരുന്നു. ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ റവ. ഡോ. ജോർജ് കാഞ്ഞിരക്കാട്ട്, വെള്ളരിക്കുണ്ട് ഫൊറോന വികാരി റവ. ഡോ. ജോൺസൺ അന്ത്യാംകുളം, ജനകീയ സംഘങ്ങളുടെ പ്രസിഡന്റ് ജോഷി കുന്നത്ത്, ടിഎസ്എസ്എസ് അതിരൂപത അസിസ്റ്റന്റ് ഡയറക്ടർ ഫാ. ആൽബിൻ തെങ്ങുംപള്ളിൽ എന്നിവർ പ്രസംഗിച്ചു.
കേരളാ ലേബർ മൂവ്മെന്റിനെ സംബന്ധിച്ച ക്ലാസിന് ലേബർ മൂവ്മെന്റ് സംസ്ഥാന ട്രഷറർ തോമസ് മാത്യു നേതൃത്വം നൽകി. 2024-25 പ്രവർത്തന വർഷത്തെ മികച്ച ഗ്രാമിക യൂണിറ്റുകൾക്കും ക്രെഡിറ്റ് യൂണിയൻ, മഹിളാ സേവാ സംഘം യൂണിറ്റുകൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. ടിഎസ്എസ്എസിൽ വിവിധ രീതിയിൽ സേവനങ്ങൾ ചെയ്തവരെ ആദരിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു.