സ്കൂൾ കെട്ടിടങ്ങളുടെ സുരക്ഷ : വകുപ്പുതല സന്ദർശനം പൂർത്തിയാക്കാൻ ജില്ലാ വികസന സമിതി നിർദേശം
1588143
Sunday, August 31, 2025 6:57 AM IST
കണ്ണൂർ: കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ സ്കൂളുകളിലും കെഎസ്ഇബി, എൽഎസ്ജിഡി, റവന്യൂ, പൊതുമരാമത്ത് വകുപ്പുകൾ പരിശോധന നടത്തി സെപ്റ്റംബർ 25 നകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. സ്കൂളുകളിൽ വിദ്യാഭ്യാസ വകുപ്പിന്റെ സുരക്ഷ ഓഡിറ്റ് പൂർത്തിയായതായി വിദ്യാഭ്യാസ ഉപഡയറക്ടർ ഡി. ഷൈനി അറിയിച്ചു.
എംഎൽഎമാരുടെ ഫണ്ടുകൾ ഉപയോഗിച്ച് മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കാൻ ടെൻഡർ ചെയ്ത് കരാർ ഉടമ്പടിയായെങ്കിലും അവ സ്ഥാപിക്കാനുള്ള കാലതാമസം ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് എംഎൽഎ മാരായ കെ.പി. മോഹനൻ, കെ.കെ. ശൈലജ, ടി.ഐ. മധുസൂദനൻ, കെ.വി. സുമേഷ് എന്നിവർ ആവശ്യപ്പെട്ടു.
പയ്യന്നൂർ മണ്ഡലത്തിലെ കാങ്കോൽ-ആലപ്പടമ്പ്, പെരിങ്ങോം-വയക്കര, ചെറുപുഴ എന്നീ ഗ്രാമപഞ്ചായത്തുകളിൽ ബസ് റൂട്ട് നിലവിലില്ലാത്ത പ്രദേശങ്ങളെ ബന്ധിപ്പിച്ച് പുതിയ ബസ് റൂട്ടിന് പെർമിറ്റ് അനുവദിക്കുന്നതിന് വേണ്ട നടപടികൾ അടിയന്തിരമായി സ്വീകരിക്കാൻ ആർടിഒയ്ക്ക് ജില്ലാ കളക്ടർ അരുൺ കെ. വിജയൻ നിർദേശം നൽകി. ടി.ഐ. മധുസൂദനൻ എംഎൽഎയാണ് വിഷയം ഉന്നയിച്ചത്. ഗ്രാമീണ റൂട്ടുകളിൽ ഉൾപ്പെടെ സ്വകാര്യ ബസുകൾ സർവീസ് നടത്താൻ മുന്നോട്ട് വരുന്ന സാഹചര്യത്തിൽ നടപടിക്രമങ്ങൾ വേഗത്തിലാക്കി പെർമിറ്റ ലഭ്യമാക്കണമെന്ന് എംഎൽഎമാർ ആവശ്യപ്പെട്ടു.
ആറളം പുനരധിവാസ മേഖലയിലെ ഭൂമി വിതരണവുമായി ബന്ധപ്പെട്ട് 137 പേർക്ക് കൈവശ രേഖ അനുവദിക്കുന്നത് സംബന്ധിച്ചും കൈയേറ്റം, പ്ലോട്ട് മാറ്റം എന്നി വിഷയങ്ങളിൽ തീരുമാനം എടുക്കുന്നതിനുമായിന് ഗുണഭോക്തൃ തിരിച്ചറിയൽ കമ്മറ്റിയോഗം ചേർന്നതായി പ്രോജക്ട് ഐടിഡിപി അറിയിച്ചു. വി. ശിവദാസൻ എംപി, എംപിമാരുടെ പ്രതിനിധികൾ, സബ് കളക്ടർ കാർത്തിക് പാണിഗ്രഹി, ജില്ലാ പ്ലാനിംഗ് ഓഫീസർ നെനോജ് മേപ്പടിയത്ത്, വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു.