വൈകല്യങ്ങളോടും രോഗങ്ങളോടും പോരാടിയ സജിത്കുമാര്‍ വിടവാങ്ങി
1588569
Tuesday, September 2, 2025 1:29 AM IST
കാസര്‍ഗോഡ്: വൈകല്യങ്ങളോടും രോഗങ്ങളോടും നാലുപതിറ്റാണ്ട് നീണ്ട പോരാട്ടത്തിനൊടുവില്‍ പഞ്ചായത്ത് വകുപ്പ് കാസര്‍ഗോഡ് ജോയിന്റ് ഡയറക്ടര്‍ ഓഫീസിലെ ജീവനക്കാരന് കാസര്‍ഗോഡ് തെരുവത്തെ വി.വി. സജിത്കുമാര്‍ (44) അന്തരിച്ചു. ജന്മനാ കാഴ്ചശക്തിക്ക് തകരാര്‍ ഉണ്ടായിരുന്നു. പല ചികിത്സകള്‍ നടത്തി. ബിഎ വരെ പഠിച്ചു. ഐഎഡിയില് എട്ടുവര്‍ഷം പിആര്‍ഒ ആയിരുന്നു.
തുടര്‍ന്നു പിഎസ്സി വഴി പഞ്ചായത്ത് ഡിഡിപി ഓഫീസിലേക്ക് മാറി. അവിടെ ജോലിയിരിക്കെ കാഴ്ച ശക്തി പൂര്‍ണമായും നഷ്ടപ്പെട്ടു. ജോലിയിരിക്കെ കാഴ്ച നഷ്ടപ്പെട്ടതുകൊണ്ട് വൈകല്യാവസ്ഥ പരിഗണിച്ച് ഒരു പ്രത്യേക കേസായി പരിഗണിച്ച് ജോലിയില്‍ തുടരാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ ഓഫീസില്‍ ടെലിഫോണ്‍ ഓപ്പറേറ്റര്‍ തസ്തിക സൃഷ്ടിച്ച് അവിടെ നിയമിക്കുകയായിരുന്നു. ന്യുമോണിയ ബാധിച്ച് കാസര്‍ഗോട്ടെ സ്വകാര്യാശുപത്രിയില്‍ ഒരാഴ്ചയായി ചികിത്സയിലായിരുന്നു.
ഇന്നലെ പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.സജിത്തിന്റെ അച്ഛന് പുരുഷോത്തോമനും ജന്മനാ കാഴ്ചശക്തിക്ക് പ്രശ്നമുണ്ടായിരുന്നു. ബിഎ കഴിഞ്ഞ ഉടനെ സെയില്‍സ് ടാക്സ് ഡിപ്പാര്‍ട്ട്മെന്റില്‍ എല്‍ഡിസി ആയി ജോലി കിട്ടി. പിന്നീട് ഡോക്ടറുടെ നിര്‍ദേശപ്രകാരം ബിഎഡ് ചെയ്ത് ചന്ദ്രഗിരി ഗവ. ഹൈസ്കൂളില്‍ അധ്യാപകനായി ജോലിക്കു കയറി.
45 വയസാകുമ്പോള്‍ കാഴ്ചശക്തി പൂര്‍ണമായും നഷ്ടപ്പെട്ടതിനെതുടര്‍ന്ന് വോളണ്ടറി റിട്ടയര്‍മെന്റ് വാങ്ങി പിരിഞ്ഞു. 70-ാ മത്തെ വയസില്‍ ഒരു വീഴ്ച മൂലം രോഗ ബാധിതനായി 2019ല്‍ മരിച്ചു. അമ്മ: ബേബി. സഹോദരന്: അജിത്കുമാര്‍ (സോഫ്റ്റ്വേർ എന്‍ജിനിയര്‍, യുഎസ്എ).