ഓണം ഫെയറിൽ കിളികളുടെ കളകളാരവം
1588827
Wednesday, September 3, 2025 1:40 AM IST
കണ്ണൂർ: കിളികളുടെ കളകളാരവം... തലയ്ക്ക് മുകളിലൂടെ പറക്കുന്ന പക്ഷികൾ... കണ്ടാൽ ഏതോ പക്ഷി സങ്കേതത്തിൽ എത്തുന്ന ഒരു പ്രതീതിയാണ് കണ്ണൂർ പോലീസ് മൈതാനിയിലെ ഓണം ഫെയറിൽ എത്തിയാൽ.
പച്ച, മഞ്ഞ, വെള്ള തുടങ്ങി നിരവധി നിറങ്ങളുള്ള പക്ഷികളാണ് ഇവിടെ കണ്ണിന് കുളിർമയേകി പാറി പറക്കുന്നത്. നയാഗ്ര വെള്ളച്ചാട്ടത്തിന്റെയും സർറിയൽ വെള്ളച്ചാട്ടത്തിന്റെയും മനോഹാരിത ആസ്വദിച്ച് അകത്തേക്ക് പ്രവേശിക്കുന്നവർക്ക് പക്ഷികളുടെ ഒരു ലോകം തന്നെയാണ് തുറന്നിട്ടിരിക്കുന്നത്. പലർക്കും പക്ഷികളുടെ പേരുകൾ ഒന്നും അറിയില്ലെങ്കിലും ഇതിനെ കൊഞ്ചിച്ചും ലാളിച്ചുമാണ് ഇവിടെ നിന്നും മടങ്ങുന്നത്.
പലരും ഒരുപാട് നേരം ഇവിടെ സമയം ചിലവിടുന്നുണ്ട്. ലൗബേർഡ്സ്, ആഫ്രിക്കൻ ഫിഞ്ചസ്, പീജിയൺ, ഫെസസന്റ് തുടങ്ങി നിരവധി പക്ഷികളാണ് ഇവിടെയുള്ളത്. ഇവിടെ നിന്നും മക്കാവോ, മെക്സികൻ ഇഗ്വാന, ബൂൾ പൈത്തൺ, ഷുഗർ ഗൈഡർ , ഗ്രേ പാരറ്റ് തുടങ്ങിയവയുടെ കൂടെ നിന്ന് ഫോട്ടോയെടുക്കുകയും ചെയ്യാം. ബുൾ പൈത്തൺ പാന്പിനെ തൊട്ട് അടുത്ത് കാണാനാണ് പലർക്കും ഇഷ്ടം.
പേടികൊണ്ട് പലരും അതിനെ കഴുത്തിലിട്ട് ഫോട്ടോയെടുക്കുന്നില്ല. മക്കാവോ പക്ഷിക്കാണ് ആവശ്യക്കാർ ഏറെയും. പക്ഷിയെ കൈയിൽ വച്ച് ഫോട്ടോയെടുക്കുകയും കൊഞ്ചിക്കുകയും ചെയ്യുന്നവർ കുറവല്ല. പക്ഷികളെ കണ്ട് അകത്ത് പ്രവേശിക്കുന്നവരെ കാത്തിരിക്കുന്നത് വിസ്മയകാഴ്ചകളാണ്. ആദ്യ നോട്ടത്തിൽ ഉദ്യാനം പോലെ തോന്നും. നിറയെ സൂര്യകാന്തിപൂക്കൾ. ഒറിജിനലിനെ വെല്ലുന്ന രീതിയിലാണ് ഇവിടെ പൂക്കൾ നിർമിച്ചിരിക്കുന്നത്.
ഇരിക്കാൻ ഇരിപ്പിടങ്ങൾ, സെൽഫി പോയന്റ്, പിന്നെ വിശ്രമിക്കാൻ മരചുവടുകൾ. അങ്ങനെ നിരവധി സംഭവങ്ങളാൽ അണിയിച്ചൊരിക്കിയിരിക്കുന്നതാണ് ഫോട്ടോ പോയിന്റ്. ഇവ കൂടാതെ പറക്കുന്ന പൂന്പാറ്റയ്ക്ക് കീഴിൽ ഇരുന്ന് ഊഞ്ഞാലാടുകയും ചെയ്യാം എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.