തുറമുഖ സുരക്ഷയ്ക്ക് കവചമൊരുക്കാൻ സിഐഎസ്എഫ്
1588294
Monday, September 1, 2025 12:58 AM IST
മട്ടന്നൂർ: കേരളത്തിലേത് ഉൾപ്പെടെ തുറമുഖങ്ങളുടെ ഹൈബ്രിഡ് സുരക്ഷയ്ക്കായി പുതിയ പദ്ധതിയുമായി സിഐഎസ്എഫ്. ഇതിന്റെ ഭാഗമായി തുറമുഖങ്ങളിലെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി. വർധിച്ചുവരുന്ന സമുദ്ര ഭീഷണിക്കെതിരേ പ്രതിരോധം ശക്തിപ്പെടുത്തുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായുള്ള പ്രത്യേക പരിശീലനം ജവഹർലാൽ നെഹ്റു പോർട്ട് അഥോറിറ്റി (ജെഎൻപിഎ) മുംബൈയിലും ചെന്നൈ പോർട്ട് അഥോറിറ്റി (സിഎച്ച്പിഎ)യിലും തുടങ്ങി.
വരും ദിവസങ്ങളിൽ കേരളം ഉൾപ്പെടെയുള്ള തുറമുഖങ്ങളിലെ സ്വകാര്യ സുക്ഷാ ജീവനക്കാർക്കും പരിശീലനം നല്കും. ഇതിലൂടെ തുറമുഖങ്ങളിലെ ഹൈബ്രിഡ് പോർട്ട് സെക്യൂരിറ്റി ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. കേരളം ഉൾപ്പെടെ ഇന്ത്യയിൽ ഏകദേശം 200 ചെറുകിട, ഇടത്തരം തുറമുഖങ്ങളാണുള്ളത്. ഇതിൽ ഏകദേശം 68 എണ്ണം മാത്രമേ കാർഗോ പ്രവർത്തനങ്ങളിൽ സജീവമായിട്ടുള്ളൂ. 13 പ്രധാന തുറമുഖ ങ്ങളേയും സിഐഎസ്എഫ് സംരക്ഷിക്കുമ്പോൾ, കാർഗോ സോണുകൾ, വെയർഹൗസുകൾ, ആക്സസ് ഗേറ്റുകൾ, ചെറിയ തുറമുഖങ്ങളിലെ ഇൻസ്റ്റലേഷനുകൾ എന്നിവ സംരക്ഷിക്കുന്നതിൽ സ്വകാര്യ സുരക്ഷാ ഏജൻസികളാണ് പ്രധാന പങ്കുവഹിക്കുന്നത്.
ഈ സാഹചര്യത്തിൽ എല്ലാ തുറമുഖങ്ങളിലും ഏകീകൃതവും കുറ്റമറ്റതുമായ സുരക്ഷാ പ്രോട്ടോക്കോൾ വികസിപ്പിക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞാണ് സിഐഎസ്എഫ് ആദ്യമായി ഇത്തരമൊരു സുരക്ഷാ പദ്ധതിക്ക് രൂപം നല്കിയത്. രണ്ടാഴ്ച നീണ്ടുനില്ക്കുന്ന ‘പോർട്ട് ഫെസിലിറ്റി സെക്യൂരിറ്റി കോഴ്സ്’ എന്ന പേരിലാണ് പരിശീലനം നല്കുന്നത്.
തുറമുഖ പ്രവർത്തനങ്ങൾ, ഭീഷണി തിരിച്ചറിയൽ, അടിയന്തര പ്രതികരണം എന്നിവയിൽ സ്വകാര്യ സുരക്ഷാ ജീവനക്കാരെ പ്രാപ്തരാക്കാൻ പരിശീലനത്തിലൂടെ കഴിയും.
നിയമപരമായ ചട്ടക്കൂടുകൾ, സാങ്കേതിക സുരക്ഷാ ഗാഡ്ജെറ്റുകളുടെ ഉപയോഗം, ഇന്റർനാഷണൽ ഷിപ്പ് ആൻഡ് പോർട്ട് ഫെസിലിറ്റി സെക്യൂരിറ്റി (ഐഎസ്പിഎസ്) കോഡിന് കീഴിലുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങൾ എന്നിവയും പരിശീലനത്തിൽ ഉൾപ്പെടും.
സിഐഎസ്എഫ്, കസ്റ്റംസ്, മറൈൻ ഡിപ്പാർട്ട്മെന്റ്, പോർട്ട് ഹെൽത്ത് ഓർഗനൈസേഷൻ എന്നിവിടങ്ങളിൽ നിന്നുള്ള ഇൻസ്ട്രക്ടർമാരാണ് പരിശീലനം നല്കുന്നത്.