ഉത്സവാഘോഷം: ഭക്ഷണ വിതരണത്തിന് ആരോഗ്യവകുപ്പിന്റെ മാർഗനിർദേശം
1588825
Wednesday, September 3, 2025 1:40 AM IST
കണ്ണൂർ: ഓണം, നബിദിനം തുടങ്ങിയവയും വിവിധ ഉത്സവ ആഘോഷങ്ങളുടെയും ഭാഗമായി വിവിധ ഇടങ്ങളില്‍ ഭക്ഷണവും പാനീയവും തയാറാക്കി പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിന് ആരോഗ്യ വകുപ്പ് മാർഗനിർദേശം പുറത്തിറക്കി.
* ഉത്സവഘോഷത്തിന് പാനീയങ്ങള്‍ ശുദ്ധമായ ജലത്തിലും ഐസിലും മാത്രമേ തയാറാക്കാനും വിതരണം ചെയ്യാനും പാടുള്ളൂ. ഇക്കാര്യം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷിക്കും.
* ഭക്ഷണ പാനീയങ്ങൾ തയാർ ചെയ്തു വിതരണം ചെയ്യുന്നവർക്ക് ഹെൽത്ത് കാർഡ് ഉണ്ടായിരിക്കണം. വിതരണം ചെയ്യുന്നവർ കയ്യുറ ധരിച്ചിരിക്കണം.
* തണുത്ത പാനീയങ്ങൾ ഒഴിവാക്കി പായസം, കാപ്പി, ചായ തുടങ്ങിയ തിളപ്പിച്ച വെള്ളത്തില്‍ തയ്യാറാക്കുന്നവ തെരെഞ്ഞെടുക്കാന്‍ പൊതുജനങ്ങൾ ശ്രദ്ധിക്കണം.
* ഉത്സവാഘോഷവുമായി ബന്ധപ്പെട്ട് ഭക്ഷണ-കുടിവെള്ള വിതരണം നടത്തുന്ന കമ്മിറ്റി ഭാരവാഹികൾ അതാതു സ്ഥലത്തെ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കണം.
* ആരോഗ്യ പ്രവർത്തകർ നൽകുന്ന നിർദേശങ്ങളും ആരോഗ്യ മാനദണ്ഡങ്ങളും പൂർണമായും പാലിച്ച് ഉത്സവഘോഷങ്ങൾ നടത്തുന്നതിന് എല്ലാവരും സഹകരിക്കണം.
* ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാതെ ഭക്ഷണ-കുടിവെള്ള വിതരണം നടത്തുന്നവർക്കെതിരേ പൊതുജനാരോഗ്യ നിയമം 2023 പ്രകാരം നടപടി സ്വീകരിക്കുന്നതാണ്.
ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള കുടിവെള്ള- ഭക്ഷണ വിതരണം മഞ്ഞപ്പിത്ത വ്യാപനത്തിന് കാരണമാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തുന്നു. തുടർന്നാണ് മാർഗനിർദേശം പുറപ്പെടുവിപ്പിച്ചത്.