റിലയൻസ് ഓൾ ഇന്ത്യ ഇൻവിറ്റേഷൻ കപ്പ്: കേരള ടീമിലേക്ക് രണ്ട് കണ്ണൂരുകാർ
1588290
Monday, September 1, 2025 12:58 AM IST
കണ്ണൂർ: അഹമ്മദബാദിൽ സെപ്റ്റംബർ 16 വരെ നടക്കുന്ന 19 വയസിന് താഴെയുള്ള ആൺകുട്ടികളുടെ റിലയൻസ് ഓൾ ഇന്ത്യ ഇൻവിറ്റേഷൻ ത്രിദിന ലീഗ് കം നോക്കൗട്ട് ടൂർണമെന്റിന്റെ കേരള ടീമിൽ കണ്ണൂരിൽ നിന്ന് രണ്ടുപേർ. തലശേരി കോട്ടയംപൊയിൽ സ്വദേശി സംഗീത് സാഗർ, എട്ടിക്കുളം മൊട്ടക്കുന്നിലെ ഇമ്രാൻ അഷ്റഫ് എന്നിവരാണ് കേരള ടീമിൽ ഇടം നേടിയത്. 12 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ മുംബൈ, ബംഗാൾ, ബറോഡ എന്നിവരടങ്ങുന്ന ഗ്രൂപ്പ് ബി യിലാണ് കേരളം. മാനവ് കൃഷ്ണയാണ് കേരള ക്യാപ്റ്റൻ.
ഓപ്പണറായ സംഗീത് സാഗർ കഴിഞ്ഞ വർഷം 19 വയസിന് താഴെയുള്ള ആൺകുട്ടികളുടെ ബിസിസിഐ കുച്ച് ബെഹാർ ട്രോഫി, 2022-23 സീസണിൽ ബിസിസിഐ യുടെ 16 വയസിന് താഴെയുള്ള ആൺകുട്ടികളുടെ വിജയ് മർച്ചന്റ് ട്രോഫി എന്നിവയിൽ കേരള ടീമംഗമായിരുന്നു. തലശേരി ബികെ 55 ക്ലബ് അംഗമായ സംഗീത് 2023 ൽ രാജസ്ഥാൻ റോയൽസ് ജൂണിയർ ടീം പരിശീലന ക്യാമ്പിലേക്കും നാഷണൽ ക്രിക്കറ്റ് അക്കാഡമി ക്യാമ്പിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.കോട്ടയംപൊയിൽ എടത്തിൽ ഹൗസിൽ വി.ഗിരീഷ്കുമാർ- കെ.കെ.ഷിജിന ദന്പതികളുടെ മകനാണ്.
ടോപ് ഓർഡർ ബാറ്റ്സ്മാനും വിക്കറ്റ് കീപ്പറുമായ ഇമ്രാൻ അഷ്റഫ് അണ്ടർ 16 കേരള ടീമംഗമായിരുന്നു. ബികെ 55 ക്ലബം അംഗമാണ്. വിവിധ വിഭാഗങ്ങളിൽ ജില്ലയെ പ്രതിനിധീകരിച്ചിട്ടുണ്ട്. 19 വയസിന് താഴെയുള്ള അന്തർ ജില്ല ടൂർണ്ണമെന്റിൽ മലപ്പുറത്തിനെതിരെ 101 റൺസെടുത്തിരുന്നു.കണ്ണൂർ എട്ടിക്കുളം മൊട്ടക്കുന്ന് എൻഎംസി ഹൗസിൽ മുഹമ്മദ് അഷ്റഫ്- സെലീന ദന്പതികളുടെ മകനായ ഇമ്രാൻ അഷറഫ് പതിനൊന്നാം ക്ലാസ് ഓപ്പൺ സ്കൂൾ വിദ്യാർഥിയാണ്.