പരമ്പരാഗത ക്രിസ്തീയ പലഹാരമേള സംഘടിപ്പിച്ചു
1588285
Monday, September 1, 2025 12:58 AM IST
ഇരിട്ടി: കുന്നോത്ത് മേഖല മാതൃവേദിയുടെ ആഭിമുഖ്യത്തിൽ പരമ്പരാഗത ക്രിസ്തീയ പലഹാരങ്ങളുടെ മത്സരവും, പ്രദർശനവും മാടത്തിൽ സെന്റ് സെബാസ്റ്റ്യൻ പാരിഷ് ഹാളിൽ സംഘടിപ്പിച്ചു. പുതുതലമുറയ്ക്ക് അന്യമാകുന്ന പരമ്പരാഗതമായ ക്രിസ്തീയ വിഭവങ്ങളെ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ നടത്തിയ പലഹാരമേള പുത്തൻ അനുഭവമായി.
തനത് സുറിയാനി ക്രിസ്ത്യാനി സ്ത്രീകളുടെ വേഷമായ ചട്ടയും മുണ്ടും ധരിച്ച് എത്തിയ മത്സരാർഥികൾ പലഹാരമേളയുടെ മറ്റൊരു ആകർഷണമായി. കൂടാതെ പഴയ കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്ന പാത്രങ്ങൾ, ചിരട്ടത്തവി, ഉരുളി, ഉറി, പെട്രോമാക്സ് വിളക്ക് തുടങ്ങി പഴമയിലേക്കൊരു തിരിച്ചുപോക്ക് തന്നെയായിരുന്നു മത്സരം.
പഴയ തലമുറയിലെ അമ്മച്ചിമാരോടു ചോദിച്ചറിഞ്ഞും, അന്വേഷിച്ചും കണ്ടെത്തിയ വ്യത്യസ്തയിനം പലഹാരങ്ങൾ പഴമയും തനിമയും പെരുമയും ചോരാതെ ഒരുക്കിക്കൊണ്ട് ഏഴു യൂണിറ്റിലെ മാതൃവേദി അംഗങ്ങൾ മത്സരത്തിൽ പങ്കാളികളായി. പഴമയുടെ രുചിക്കൂട്ടും അമ്മമാരുടെ കൈപുണ്യവും ഒന്നിച്ചപ്പോൾ 140 ഓളം വ്യത്യസ്ത വിഭവങ്ങളാണ് ഒരുക്കിയത്.
ആവേശം അലതല്ലിയ മത്സരത്തിൽ കച്ചേരിക്കടവ്, മാടത്തിൽ, പെരിങ്കരി യൂണിറ്റുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ആനപ്പന്തി, കുന്നോത്ത്, ചരൾ, മുടയെരിഞ്ഞി യൂണിറ്റുകൾ പ്രോത്സാഹന സമ്മാനത്തിനും അർഹരായി. മേഖല ഡയറക്ടർ ഫാ. സോജൻ കരോട്ട്, ആനിമേറ്റർ സിസ്റ്റർ സോണിയ, മേഖല പ്രസിഡന്റ് സോളി ആഞ്ഞിലിത്തോപ്പിൽ, സെക്രട്ടറി ജീന കുളത്തിങ്കൽ, ജിജി ചാലിൽ, ഷീന പാലയ്ക്കൽ, രാജി കാരക്കാട്ട്, നിഷ കളമ്പുകാട്ട്, ലീലാമ്മ മണ്ണാപറമ്പിൽ എന്നിവർ നേതൃത്വം നൽകി.