വിസ്മയ കാഴ്ചയൊരുക്കി നയാഗ്ര വെള്ളച്ചാട്ടവും സർറിയൽ വെള്ളച്ചാട്ടവും
1588555
Tuesday, September 2, 2025 1:29 AM IST
കണ്ണൂർ: ലോകപ്രശസ്തമായ നയാഗ്ര വെള്ളച്ചാട്ടം, ദുബായ്, ചൈന എന്നിവിടങ്ങളിൽ ചരിത്രം സൃഷ്ടിച്ച് അപ്രത്യക്ഷമാകുന്ന സർറിയൽ വെള്ളച്ചാട്ടം... ഇവയൊക്കെ കാണണമെന്ന് ആഗ്രമില്ലാത്ത ആരും ഉണ്ടാകില്ല. മനസിനും കാഴ്ചയ്ക്കും കുളിരണിയിക്കുന്ന ഈ വെള്ളച്ചാട്ടങ്ങൾ കണ്ണൂർ പോലീസ് മൈതാനിയിൽ എത്തിയാൽ കാണാൻ കഴിയും.
ഡിജെ അമ്യൂസ്മെന്റിന്റെ നേതൃത്വത്തിൽ ഒരുക്കിയ ഓണം ഫെയറിലാണ് വിസ്മയകാഴ്ചയൊരുക്കി നയാഗ്ര വെള്ളച്ചാട്ടം, സർറിയൽ വെള്ളച്ചാട്ടത്തിന്റെയും മാതൃകയുള്ളത്. ഫെയർ തുടങ്ങി ദിവസങ്ങൾ പിന്നിട്ടപ്പോഴേക്കും കേട്ടറിഞ്ഞ് നിരവധിയാളുകളാണ് ഈ വിസ്മയം കാണാനായി ഇവിടെ എത്തുന്നത്.
കുട്ടികളൊക്കെ ഏറെ കൗതുകത്തോടെയാണ് ഇവ നോക്കിക്കാണുന്നത്. കുടുംബമായി എത്തുന്നവരും കപ്പിൾസും എല്ലാം നയാഗ്ര വെള്ളച്ചാട്ടത്തിന് സമീപം നിന്ന് വിവിധ പോസുകളിൽ ഫോട്ടോകൾ എടുക്കുന്നുണ്ട്. സർറിയൽ വെള്ളച്ചാട്ടത്തിൽ കളിക്കാനും സാധിക്കും.
അതുകൊണ്ടു തന്നെ കുട്ടികൾ ഏറെ നേരം ഇവിടെ കളിച്ചും ഉല്ലസിച്ചും നിൽക്കും. സർറിയൽ വെള്ളച്ചാട്ടത്തിന് മാറ്റ് കൂട്ടാനായി ഗൾഫ് രാജ്യത്തിന്റെ മാതൃകയിലാണ് ഇവിടെ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഈ വെള്ളച്ചാട്ടം ആസ്വദിച്ച് ഈന്തപ്പനയുടെ ചുവട്ടിൽ ഇരുന്ന് വിശ്രമിക്കാനായി ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടാതെ ദുബായിലുള്ള എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും ചിത്രങ്ങളും ചുമരുകളിൽ ഒരുക്കിയിട്ടുണ്ട്. ഇതിന്റെ മുന്നിൽ നിന്നും ഫോട്ടോ എടുക്കുന്നവരുമുണ്ട്.
ദീർഘ ദൂരത്തിൽ നിന്ന് എത്തുന്നവരുടെ സൗകര്യാർഥം ഫെയറിന്റെ ഓപ്പണിംഗ് സമയം സംഘാടകർ മാറ്റിയിട്ടുണ്ട്. തിങ്കൾ മുതൽ വെള്ളിവരെ ഉച്ചകഴിഞ്ഞ് മൂന്നു മുതൽ രാത്രി 10 വരെയാണ് ഫെയർ. ശനി, ഞായർ തുടങ്ങി മറ്റ് അവധി ദിവസങ്ങളിൽ രാവിലെ 11 മുതൽ ഉണ്ടായിരിക്കും.