നിരോധിത വസ്തുക്കൾ കണ്ണൂർ സെൻട്രൽ ജയിലിൽ സുലഭം; ഒരു മൊബൈൽ കൂടി പിടികൂടി
1588291
Monday, September 1, 2025 12:58 AM IST
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽനിന്നും വീണ്ടും മൊബൈൽ ഫോൺ കണ്ടെടുത്തു. സെൻട്രൽ ജയിൽ ന്യൂ ബ്ലോക്കിന്റെ പിറകുവശത്ത് ഒളിപ്പിച്ച നിലയിലായിരുന്നു മൊബൈൽ ഫോൺ. സംഭവത്തില്‍ ജോയിന്റ് സൂപ്രണ്ടിന്റെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നിരോധനത്തിനിടയിലും രണ്ടാഴ്ചയ്ക്കുള്ളിൽ ഏഴു മൊബൈൽ ഫോണുകളാണ് ജയിലിൽനിന്ന് പരിശോധനക്കിടെ കണ്ടെത്തി പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം തടവുകാരൻ ഫോൺ വിളിക്കുന്നതും പരിശോധനയ്ക്കിടെ കണ്ടെത്തിയിരുന്നു.
ശനിയാഴ്ച വൈകുന്നേരം നടത്തിയ പരിശോധനയിലാണ് ഫോൺ കണ്ടെത്തിയത്. ജയിലിലെ മതിൽക്കെട്ടിനു പുറത്തുനിന്ന് മൊബൈൽ ഫോണും പുകയില ഉത്പന്നങ്ങളും ജയിലിനുള്ളിലേക്ക് എറിഞ്ഞു നല്‍കുന്നതിനിടെ മൂന്നംഗ സംഘത്തിലെ ഒരാള്‍ ദിവസങ്ങൾക്ക് മുന്‍പ് പോലീസിന്റെ പിടിയിലായിരുന്നു. മറ്റു രണ്ടുപേരെ ഇനിയും പിടികൂടാനായില്ല.
പുതിയതെരു പനങ്കാവ് സ്വദേശി അക്ഷയ് ആണ് പിടിയിലായത്. പണം വാങ്ങിയാണ് കഞ്ചാവ് ഉൾപ്പെടെ മതിലിന് പുറത്തുനിന്നും ജയിൽ തടവുകാർക്ക് എറിഞ്ഞു കൊടുക്കുന്നതെന്ന് ഇയാൾ പോലീസിന് മൊഴി നല്‍കിയിരുന്നു. ഒരാഴ്ച മുന്‍പാണ് ജയിലിലെ സുരക്ഷ പരിശോധിക്കുന്നതിനായി മുൻ ഡിജിപി ജേക്കബ് പുന്നൂസിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ണൂരിൽ സന്ദർശനം നടത്തിയത്.
ഓഗസ്റ്റ് 10ന് ജയില്‍ ഡിഐജിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ മൂന്ന് സ്മാര്‍ട്ട് ഫോ ണുകൾ കണ്ടെത്തിയിരുന്നു. ഫോണിനൊപ്പം ചില ചാര്‍ജറുകളും കണ്ടെത്തി. അഞ്ച്, ആറ്, ന്യൂ എന്നീ ബ്ലോക്കുകളില്‍ നിന്നാണ് ഫോണുകൾ കണ്ടെടുത്തത്. നേരത്തെ ജയിലിലെ കല്ലിനടിയിൽ നിന്നടക്കം മൊബൈൽ കണ്ടെത്തിയിരുന്നു.