കീഴറയിലെ സ്ഫോടനം: രഹസ്യാന്വേഷണ വിഭാഗത്തിന് വീഴ്ച; പ്രതിക്കെതിരേ കാപ്പ ചുമത്തിയേക്കും
1588565
Tuesday, September 2, 2025 1:29 AM IST
കണ്ണൂർ: കണ്ണപുരം കീഴറയിൽ സ്ഫോടനത്തിൽ വീട് തകരുകയും ഒരാൾ മരിക്കുകയും ചെയ്ത സംഭവത്തിൽ രഹസ്യാന്വേഷണ വിഭാഗത്തിന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി വകുപ്പുതല വിലയിരുത്തൽ. അറസ്റ്റിലായ അനൂപ് മാലിക്ക് പടക്കങ്ങൾ സംഭരിച്ച പൊടിക്കുണ്ട് രാജേന്ദ്ര നഗറിലെ വാടക വീട്ടിൽ 2016ലുണ്ടായ ഉഗ്രസ്ഫോടനത്തിൽ വീട് തകരുകയും സമീപത്തെ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു.
അന്ന് ഇയാളുടെ ഭാര്യയ്ക്കും മകൾക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു. അനൂപ് മാലിക്കിനെതിരെ വിവിധ സ്റ്റേഷനുകളിലായി സ്ഫോടക വസ്തു നിയമപ്രകാരം നിലവിൽ അഞ്ച് കേസുകളുണ്ട്. ഇത്തരം പശ്ചാത്തലമുള്ള ഒരാൾ നിരീക്ഷണത്തിലായിരിക്കണമെന്നിരിക്കെ കീഴറയിൽ ഇതുണ്ടായില്ല. കീഴറയിലെ വാടക വീട്ടിൽ പ്രതി സ്ഫോടക വസ്തുക്കൾ ശേഖരിച്ചതിനെ കുറിച്ച് രഹസ്യാന്വേഷണ വിഭാഗത്തിന് ഒരു വിവരവും ലഭിച്ചിരുന്നില്ല.
ഇതാണ് സ്ഫോടനത്തിനും ഒരാളുടെ മരണത്തിനും ഇടയാക്കിയത്. അതിനിടെ കീഴറ സ്ഫോടനത്തിന്റെ കൂടി പശ്ചാത്തലത്തിൽ അനൂപ് മാലിക്കിനെതിരെ കാപ്പ ചുമത്തുന്നതിനെ കുറിച്ചും പോലീസ് ആലോചിക്കുന്നുണ്ട്. ഭാവിയിൽ പൊതുജനങ്ങൾക്ക് ഭീഷണിയാകുന്ന രീതിയിൽ സമാന പ്രവൃത്തികളിൽ ഏർപ്പെടുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് കാപ്പ ചുമത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. സ്ഫോടന കേസുമായി ബന്ധപ്പെട്ട തെളിവെടുപ്പിനും ചോദ്യം ചെയ്യുന്നതിനുമായി പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങും.
പവർലിഫ്റ്ററും പവർലിഫ്റ്റർമാരുടെ സംഘടനാ നേതാവുമായ പ്രതിയുടെ ബന്ധങ്ങളും പോലീസ് അന്വേഷിച്ചു വരികയാണ്. ജിം ട്രെയിനറായി പ്രവർത്തിക്കുന്ന ഇയാൾ ഇത് മറയാക്കി മറ്റെന്തെങ്കിലും പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടോ എന്നതുൾപ്പടെ അന്വേഷണ പരിധിയിലാണ്. ഉത്സവകാലത്ത് ക്ഷേത്രങ്ങളിലേക്കും മറ്റുമുള്ള വെടിക്കെട്ടുകൾക്ക് കരാറെടുക്കുന്നവർക്ക് അനൂപ് മാലിക്ക് ഗുണ്ടുകളും പടക്കങ്ങളും മറ്റ് കരിമരുന്ന് ഉത്പന്നങ്ങളും എത്തിച്ചു നൽകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ ബിനാമികളാണ് കരാറെടുക്കുന്നതെന്ന സംശയവും പോലീസിനുണ്ട്. ഉഗ്രസ്ഫോടന ശേഷിയുള്ള ഗുണ്ടുകൾ ഉൾപ്പെടെ പ്രതി എവിടെ നിന്നാണ് സംഭരിക്കുന്നതെന്നും അന്വേഷിക്കുന്നുണ്ട്.