കൊട്ടിയൂർ-ബോയ്സ് ടൗൺ ചുരംപാത; ഇടുങ്ങിയ ഭാഗങ്ങൾ വീതി കൂട്ടണമെന്ന ആവശ്യം ശക്തം
1588288
Monday, September 1, 2025 12:58 AM IST
കൊട്ടിയൂർ: കൊട്ടിയൂർ-ബോയ്സ് ടൗൺ പാൽചുരം ചുരം പാതയിൽ ഏറ്റവും വീതി കുറഞ്ഞ ഭാഗങ്ങൾ അടിയന്തരമായി രീതി കൂട്ടണമെന്ന ആവശ്യം ശക്തമാകുന്നു. പലപ്പോഴും ചുരത്തിൽ വാഹനങ്ങൾ കേടാകുന്നത് പതിവാകുകയും ചുരത്തിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുകയും ചെയ്യുന്നു.
അതിനാൽ അടിയന്തരമായി വീതി കുറഞ്ഞ ഭാഗങ്ങൾ വീതി കൂട്ടണമെന്ന ആവശ്യം ശക്തമാകുകയാണ്. ചെകുത്താൻ തോടിനു സമീപത്തെ അരകിലോമീറ്ററോളം ദൂരത്താണ് വീതി കുറഞ്ഞ ഭാഗമുള്ളത്. ഇവിടെ ഒരേസമയം ഒരു വാഹനത്തിന് മാത്രമാണ് സുഗമമായി കടന്നുപോകാൻ സാധിക്കുക.
നിലവിൽ ഒരുവാഹനം കടന്നുവരുമ്പോൾ മറ്റൊരു വാഹനം വശങ്ങളിൽ ഒതുക്കി നിർത്തിയാണ് യാത്രാ സൗകര്യമൊരുക്കുന്നത്. അതിനാൽ പ്രദേശത്ത് ഏതെങ്കിലും വാഹനങ്ങൾ അപകടത്തിൽപ്പെടുകയോ കേടാകുകയോ ചെയ്താൽ ചുരം മൊത്തം കുരുക്കിലാകുന്ന സ്ഥിതിയാണ്. ഈ പ്രദേശത്ത് മണ്ണും പാറക്കൂട്ടങ്ങളും ഇടിയാൻ സാധ്യതയുള്ള മേഖലയാണ്. ഈവർഷം രണ്ടു തവണ ഇവിടെ മണ്ണും പാറക്കൂട്ടങ്ങളും ഇടിഞ്ഞുചുരം പൂർണമായും കരുക്കിലായി.
ഞായറാഴ്ച രാവിലെ വിവാഹ സംഘം സഞ്ചരിച്ചിരുന്ന വാഹനം കേടാകുകയും ഏറെനേരം ഗതാഗതം തടസപ്പെടുകയും ചെയ്തു.
പിന്നീട് അറ്റകുറ്റപ്പണി നടത്തി വാഹനം മാറ്റിയശേഷം ആണ് ഗതാഗതം പഴയപടിയായത്. റോഡ് വീതികൂട്ടി നിർമിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് പാൽചുരം ചുരം സംരക്ഷണ സമിതി ചെയർമാൻ റെജി കന്നുകുഴി ആവശ്യപ്പെട്ടു.