പയ്യന്നൂരില്‍ സിമന്റ് ലോറിക്ക് തീപിടിച്ചു
1588570
Tuesday, September 2, 2025 1:29 AM IST
പയ്യന്നൂര്‍: പയ്യന്നൂരില്‍ ഗോഡൗണില്‍ സിമന്റുമായി എത്തിയ ലോറിക്ക് തീപിടിച്ചു. കേളോത്ത് ഉളിയത്തു കടവിനു സമീപത്തെ രാംകോ സിമന്റ്സിന്റെ ഗോഡൗണില്‍ സിമന്റുമായി എത്തിയ ലോറിക്കാണു തീപിടിച്ചത്. അഗ്നിരക്ഷാസേനയെത്തി തീയണച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 2.45 ഓടെയായിരുന്നു സംഭവം. തമിഴ്നാട്ടില്‍ നിന്നും ഉളിയത്ത് കടവിലെ ഗോഡൗണിലേക്ക് സിമന്റുമായി എത്തിയതായിരുന്നു ലോറി. ലോറിയില്‍ നിന്നും പകുതിയോളം സിമന്റ് ചാക്കുകള്‍ ചുമട്ടുതൊഴിലാളികള്‍ ഇറക്കിയപ്പോഴായിരുന്നു ഡ്രൈവറുടെ കാബിനില്‍ നിന്നും തീ പടര്‍ന്നത്. ഡ്രൈവര്‍ കാബിനകത്ത് ഗ്യാസ് ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്യുമ്പോഴായിരുന്നു തീപിടുത്തമുണ്ടായത്. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതായിരിക്കാമെന്നാണു നിഗമനം.
അപകടത്തില്‍ പരിക്കേറ്റ ഡ്രൈവര്‍ തഞ്ചാവൂര്‍ കുംഭകോണത്തെ ഗോപിനാഥിനെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പയ്യന്നൂര്‍ അഗ്നിരക്ഷാനിലയത്തിലെ സ്റ്റേഷന് ഓഫീസര്‍ സി.പി. രാജേഷിന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേനയാണു തീയണച്ചത്.
ഇദ്ദേഹത്തോടൊപ്പം അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ തോമസ് ഡാനിയേല്‍, സീനിയര്‍ ഫയര്‍ ഓഫീസര്‍ എന്‍. മുരളി, ഫയര്‍ ആൻഡ് റെസ്ക്യൂ ഓഫീസര്‍മാരായ പി.പി. ലിജു, ആര്. ഗിരീഷ് തുടങ്ങിയവരും രക്ഷാപ്രവര്‍ത്തനത്തിനുണ്ടായിരുന്നു. തീപിടിത്തത്തില്‍ ലോറി ഭാഗികമായി കത്തിനശിച്ചു. സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ലോറിയിലും ലോറിക്കടിയിലും പാചകം ചെയ്യരുതെന്ന മുന്നറിയിപ്പുകള്‍ അവഗണിച്ചതാണു തീപിടുത്തത്തിനു കാരണമായത്.