സ്ഥിരതയില്ലാതെ അരങ്ങം വയോജന കേന്ദ്രം
1588144
Sunday, August 31, 2025 6:57 AM IST
ആലക്കോട്: വയോജന ക്ഷേമത്തിനായി സർക്കാർ നേരിട്ടും തദ്ദേശ സ്ഥാപനങ്ങൾ വഴിയും ധാരാളം പദ്ധതികൾ പ്രഖ്യാപിച്ചിട്ടും സ്ഥിരമായി തുറന്നുപ്രവർത്തിക്കാതെ അരങ്ങത്തെ വയോജന വിശ്രമകേന്ദ്രമായ പകൽവീട്.
ബജറ്റുകളിൽ നിർദിഷ്ട ശതമാനം വയോജന ക്ഷേമപദ്ധതിക്ക് നീക്കിവയ്ക്കണമെന്ന വ്യവസ്ഥയുണ്ടായിട്ടും തുക വകയിരുത്തുന്നില്ല. ആലക്കോട് പഞ്ചായത്ത് ആസ്ഥാനത്തിനടുത്ത് ടിസിബി റോഡരികിൽ വയോജന വിശ്രമ കേന്ദ്രത്തിനായി പഞ്ചായത്ത് പണിത പകൽവീട് കെട്ടിടത്തിൽ ഫർണിച്ചർ ഉൾപ്പെടെ സൗകര്യങ്ങൾ ഉണ്ട്.
പക്ഷേ പ്രായമായവർക്ക് ചെല്ലണമെങ്കിൽ മറ്റുള്ളവരുടെ സഹായം ആവശ്യമാണ്. അവിടേക്കുള്ള വഴിയാണ് പ്രശ്നം. നേരത്തെ വയോജനവേദി പ്രവർത്തകരുടെ വലിയ സഹകരണവും പങ്കാളിത്തവും സാന്നിധ്യവും ലഭിച്ചതോടെ പ്രവർത്തനങ്ങൾ കാര്യക്ഷമമായിരുന്നു. വയോജനവേദി ഓരോ ദിവസം ഓരോരുത്തരെ ചുമതലകൾക്ക് നിശ്ചയിച്ചിരുന്നു. വിവിധ ആവ ശ്യങ്ങൾക്ക് ഓഫീസുകളിലും മറ്റുമായി ആലക്കോട്ടും അരങ്ങത്തുമെത്തുന്ന വയോജനങ്ങൾക്ക് പകൽവീട് വിശ്രമത്തിന് പറ്റിയ ഇടമായിരുന്നു. എന്നാൽ പ്രായാധിക്യത്തിന്റെ അവശത കാരണം ചുമതലയേറ്റവർക്ക് വരാനാകാതായി. ഇതോടെയാണ് കേന്ദ്രത്തിന്റെ പ്രവർത്തനം താളം തെറ്റിയത്. പകരം ചുമതല ഏറ്റെടുക്കാൻ ആരും മുന്നോട്ടുവന്നില്ല. ഉദയഗിരി, തേർത്തല്ലി എന്നിവിടങ്ങളിലെ വയോജനകേന്ദ്രങ്ങളുടെ പ്രവർത്തനവും പഴയതുപോലെ കാര്യക്ഷമമല്ല.
വയോജനങ്ങളുടെ ആവശ്യം
വയോജനങ്ങൾ കടന്നു വരണമെങ്കിൽ അരങ്ങത്തെ വയോജന വിശ്രമകേന്ദ്രം സ്ഥിരമായി തുറന്നുപ്രവർത്തിക്കാൻ നടപടി ഉണ്ടാവണം. പ്രദേശത്ത് പ്രഭാതസവാരിക്ക് താത്പര്യമുള്ളവർക്ക് ഇപ്പോൾ അതിനും കഴിയുന്നില്ല. വാഹനങ്ങളുടെ അമിത വേഗവും തെരുവുനായ ശലവും ഉയർത്തുന്ന ഭീതിയുമാണ് കാരണം. പകൽവീടുകളിൽ ടിവി, ദിനപത്രങ്ങൾ, മാസികകൾ തുടങ്ങിയവ ലഭ്യമാക്കുന്നതിനും സാഹിത്യ വാസനയുള്ളവർക്ക് എഴുതാനും വായിക്കാനും പൊതുചർച്ചക്കും സൗകര്യം ഒരുക്കണമെന്നുമാണ് വയോജനങ്ങൾ ആവശ്യപ്പെടുന്നത്.