കല്യാട്ടെ മോഷണവും കൊലപാതകവും; അന്വേഷണം ബിലിക്കരെ കേന്ദ്രീകരിച്ചും
1588293
Monday, September 1, 2025 12:58 AM IST
ഇരിക്കൂർ: കല്യാട്ടെ മോഷണവും ദർശിതയുടെ കൊലപാതകവും സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുന്നു. രണ്ടുദിവസമായി കേരളത്തിൽ നിന്നുള്ള അന്വേഷണസംഘം ദർശിതയുടെ നാടായ ബാലിക്കരെയിലാണ് ഉള്ളത്. കല്യാട് നിന്നും കാണാതായ പണത്തിന്റെ കാര്യത്തിൽ വ്യക്തത വന്നെങ്കിലും സ്വർണത്തിന്റെ കാര്യത്തിൽ അവ്യക്തത തുടരുകയാണ്.
ഇരിക്കൂർ കല്യാട്ടെ ഭർതൃവീട്ടിൽനിന്ന് കർണാടക ഹുൻസൂർ ബിലിക്കരെ സ്വദേശി ദർശിത കവർച്ച ചെയ്ത പണത്തിൽ രണ്ടുലക്ഷം രൂപ നല്കിയത് പൂജാരിക്കാണെന്ന് ഇരിട്ടി ഡിവൈഎസ്പി പി.കെ. ധനഞ്ജയ ബാബുവിന്റെ മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇരി ക്കൂർ എസ്എച്ചഒ രാജേഷ് ആയോടൻ നടത്തിയ അന്വേഷണത്തിലാണ് നല്കിയ പണത്തെക്കുറിച്ചും
പണം നല്കിയ പൂജാരിയെക്കുറിച്ചും വ്യക്തമായത്.
നാട്ടിലെ സുഹൃത്ത് സിദ്ധരാജുവിന്റെ പ്രേരണയെ തുടർന്നാണ് കവർച്ച നടത്തിയതെന്നാണ് സൂചന. വെള്ളിയാഴ്ച സ്വന്തം വീട്ടിലെത്തിയ ദർശിത പിറ്റേ ദിവസമാണ് വീടിനു സമീപത്തുള്ള ക്ഷേത്രത്തിലെ പൂജാരിയായ ജനാർദന മുഖേന കർണാടക ഹുൻപൂരിലെ മന്ത്രവാദിയായ മഞ്ജുനാഥ സ്വാമിയെ രണ്ട് ലക്ഷം രൂപ ഏൽപ്പിച്ചത്.
ദർശിതയുടെ ഹുൻസൂറിലെ വീട്ടിൽ പ്രേതബാധ ഉണ്ടെന്നും അത് ഒഴിപ്പിക്കാൻ രണ്ടു ലക്ഷം നല്കാൻ പൂജാരി പറഞ്ഞിരുന്നുവത്രെ. ഇതു പ്രകാരമാണ് ബാധ ഒഴിപ്പിക്കാൻ പണം വാങ്ങിയത്. എന്നാൽ പൂജയ്ക്ക് തീയതി നിശ്ചയിച്ചിരുന്നില്ലെന്നും പണം കൈപ്പറ്റിയെന്നും അന്വേഷണ സംഘത്തോട് മന്ത്രവാദി മഞ്ജുനാഥ് സമ്മതിച്ചിട്ടുണ്ട്. ഈ പണം വീട്ടിൽ തന്നെയുണ്ടായിരുന്നു.
എന്നാൽ കവർച്ചയും കൊലപാതകവുമായി ഇയാൾക്ക് ബന്ധമില്ലെന്നാണ് ഇതുവരേയുള്ള സൂചന. ഇതിന് ശേഷമാണ് സിദ്ദരാജുവിനൊപ്പം സാലിഗ്രാമിലേക്ക് പോയത്.
അന്നു വൈകുന്നേരം സാലിഗ്രാം ടൗണിലെ എസ്.ആർ. ലോഡ്ജിലെ മുറിയിലാണ് ക്രൂരമായ രീതിയിൽ ദർശിതയെ സിദ്ദരാജു കൊലപ്പെടുത്തിയത്.
ഇനി കവർച്ച ചെയ്ത സ്വർണമാണ് കണ്ടെത്താനുള്ളത്. ഇത് സംബന്ധിച്ച അന്വേഷണം പുരോഗമി ക്കുകയാണ്. അതേസമയം കല്യാട്ടെ വീട്ടിൽ മുമ്പും രണ്ടുതവണ പണം കാണാതായിരുന്നു.
അന്ന് അത് വീട്ടുകാർ ഗൗരവമായി എടുത്തിരുന്നില്ല.
അന്വേഷണ സംഘത്തിൽ ഇരിക്കൂർ ഇൻസ്പെക്ടറെ കൂടാതെ കരിക്കോട്ടക്കരി എസ്എച്ചഒ കെ.ജെ. വിനോയ്, ഡിവൈഎസ്പിയുടെ സ്ക്വാഡ് അംഗങ്ങളായ എ.എം.സിജോയ്, കെ.കെ. ജയദേവൻ, പി. രതീഷ്, കെ.പി. നിതീഷ്, വി.ഷാജി എന്നിവർ ഹുൻസൂറിൽ തന്നെ തങ്ങിയാണ് അന്വേഷണം നടത്തുന്നത്.