സിപിഐ സംസ്ഥാന സമ്മേളന നഗരിയിലേക്കുള്ള പതാക ജാഥയ്ക്ക് സ്വീകരണം നല്കി
1588559
Tuesday, September 2, 2025 1:29 AM IST
കണ്ണൂർ: സിപിഐ സംസ്ഥാന സമ്മേളന നഗരിയിലേക്കുള്ള പതാക ജാഥയ്ക്ക് കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ സ്വീകരണം നല്കി. സ്വീകരണ പരിപാടിയിൽ സംഘാടക സമിതി ചെയർമാൻ എം. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ജാഥാ ലീഡർ കെ.പി. രാജേന്ദ്രൻ, ഡപ്യൂട്ടി ലീഡർ ദീപ്തി അജയ കുമാർ, ജാഥാ അംഗങ്ങളായ ഇ.എം. സതീശൻ, എം. കുമാരൻ, പി. അജയകുമാർ എന്നിവർ പ്രസംഗിച്ചു.
രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങൾക്കെതിരേയുമുള്ള നിയമനിർമാണം നടത്തി ശത്രുതാപരമായ നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ച് കൊണ്ടിരിക്കുന്നതെന്ന് ജാഥാ ലീഡറും സിപിഐ ദേശീയ എക്സിക്യൂട്ടീവംഗവുമായ കെ.പി. രാജേന്ദ്രൻ പറഞ്ഞു. ജനാധിപത്യ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന ഇത്തരം വർഗീയ ഫാസിസ്റ്റ് ശക്തികൾക്കെതിരേയുള്ള പോരാട്ടത്തിന് ശക്തി പകരുന്നവരാണ് കമ്യൂണിസ്റ്റ് പാർട്ടിയും എൽഡിഎഫ് സർക്കാരും. ഫാസിസ്റ്റ് ശക്തികളെ അധികാരത്തിൽ നിന്ന് താഴെയിറക്കാൻ മുഴുവൻ മതേതര ജനാധിപത്യ ശക്തികളും ഒന്നിച്ച് നില്ക്കണമെന്നും കെ.പി. രാജേന്ദ്രൻ പറഞ്ഞു.
സ്വീകരണ പരിപാടിയിൽ ജാഥാ ലീഡർ, ഡപ്യുട്ടി ലീഡർ, ഡയറക്ടർ, അംഗങ്ങൾ എന്നിവരെ നേതാക്കൾ ഷാൾ അണിയിച്ചു. വിവിധ വർഗ ബഹുജന സംഘടനകൾക്ക് വേണ്ടി ഹാരാർപ്പണം നടത്തി. ജാഥ തലശേരിയിലെ സ്വീകരണത്തിനു ശേഷം കോഴിക്കോട് ജില്ലയിലേക്ക് പ്രവേശിച്ചു.