നാടൻപൂക്കളുടെ പ്രദർശനമൊരുക്കി ചെറുപുഴ ജെഎം യുപി സ്കൂൾ
1587779
Saturday, August 30, 2025 2:09 AM IST
ചെറുപുഴ: അന്യമായിക്കൊണ്ടിരിക്കുന്ന നാടൻ പൂക്കളുടെ പ്രദർശനമൊരുക്കി ചെറുപുഴ ജെഎം യുപി സ്കൂൾ പ്രീ പ്രൈമറി വിഭാഗം. പ്രീ പ്രൈമറി വിഭാഗം വിദ്യാർഥികളുടെ അമ്മമാരാണ് പൂക്കൾ ശേഖരിച്ച് പ്രദർശനത്തിനെത്തിച്ചത്.
പറമ്പുകളിലും വീട്ടുമുറ്റങ്ങളിലുമുള്ള നാടൻപൂക്കൾ ശേഖരിച്ച് നടത്തിയ പ്രദർശനം പുതു തലമുറയ്ക്ക് ഏറെ അറിവ് പകരുന്നതായിരുന്നു. കമ്മൽ, ചെത്തി, ചെമ്പരത്തി, ഹനുമാൻ കിരീടം, റോസ്, നമ്പ്യാർവട്ടം, സന്ധ്യാമണി, കൊങ്ങിണി, കോളാമ്പി, തുമ്പ, തുളസി, വട്ടപ്പലം, കാക്കപ്പൂവ്, മന്ദാരം, ചെണ്ടുമല്ലി, ശംഖുപുഷ്പം, പൂവാം കുറുന്നില, തൊട്ടാവാടി, കുഞ്ഞരിപ്പൂവ്, കാളപ്പൂവ്, മഷിത്തണ്ട്, വാഴപ്പൂവ്, കാശിത്തുമ്പ, മാജിക് റോസ്, പൂച്ചവാലൻ തുടങ്ങി 350 ഓളം പൂക്കളാണ് പ്രദർശനത്തിലുണ്ടായിരുന്നത്.
സ്കൂൾ മുഖ്യാധ്യാപകൻ പി.എൻ. ഉണ്ണികൃഷ്ണൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. പ്രീ പ്രൈമറി വിഭാഗം ഇൻ ചാർജ് പി. ലീന അധ്യക്ഷത വഹിച്ചു.
അധ്യാപകരായ ലൂസി സെബാസ്റ്റ്യൻ, പി. രാജി, എം.പി. ഷീബ, രജനി, രാജൻ, കെ.വി. ദീപ്തി, സ്ബിജ, റിഷാന എന്നിവർ നേതൃത്വം നൽകി. വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും നാട്ടുകാരും ഉൾപ്പെടെ നിരവധി ആളുകൾ പ്രദർശനം കാണാനെത്തിയിരുന്നു. ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ കലാകായിക മൽസരങ്ങളും നടന്നു. ഓണ സദ്യയും നൽകി.