കനത്ത മഴയിൽ റോഡുകൾ തകർന്നു
1587774
Saturday, August 30, 2025 2:09 AM IST
മണക്കടവ്: മലയോരത്ത് രണ്ടു ദിവസമായി തുടരുന്ന ശക്തമായ മഴയിൽ റോഡുകൾ വ്യാപകമായി തകർന്നു.പലയിടത്തും റോഡുകളിൽ ഉറവകൾ രൂപപ്പെട്ടതിനെ തുടർന്ന് ടാറിംഗ് പോളിഞ്ഞ നിലയിലാണ്. ഉദയഗിരി പഞ്ചായത്തിലെ അരിവിളഞ്ഞപൊയിൽ - മാമ്പൊയിൽ പിഎംജിഎസ് വൈ റോഡിന്റെ പാർശ്വഭിത്തിയും തിട്ടുകളും കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയിൽ ഇടിഞ്ഞ് വീണു. പലയിടങ്ങളിലും വിള്ളൽ ഉള്ളതിനാൽ ഇനിയും ഇടിയാനുള്ള സാധ്യത ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.നിർമാണത്തിലിരിക്കുമ്പോൾ തന്നെ അപാകതകൾ ഉണ്ടായിരുന്നതായി പ്രദേശവാസികൾ പറയുന്നു.
മണക്കടവ് - മാമ്പൊയിൽ റോഡിന്റെ കാരിക്കയം പാലത്തിനു മുകൾ ഭാഗത്തായി റോഡിന്റെ അടിവശം ഇടിഞ്ഞു. കഴിഞ്ഞ രാത്രിയുണ്ടായ ശക്തമായ മഴയിലാണ് റോഡരികിലെ കെട്ടിടിഞ്ഞത്. ഇടിഞ്ഞ കല്ലും മണ്ണും പുഴയിലേക്ക് പതിച്ചു. ഈ വഴിയുള്ള വാഹന ഗതാഗതം അപകടാവസ്ഥയിലായി. ഒരു വശം ചേർന്ന് ഭീതിയോടെയാണ് വാഹനങ്ങൾ കടന്നുപോകുന്നത്. മഴ തുടർന്നാൽ ഇനിയും ഇടിയുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ.