ബൽത്തങ്ങാടിയുടെ അഭിമാനമായി കളഞ്ചയുടെ കർഷകപുത്രൻ
1587537
Friday, August 29, 2025 2:01 AM IST
സ്വന്തം ലേഖകൻ
ബൽത്തങ്ങാടി: കുടിയേറ്റത്തിന്റെ മഹിമ പേറുന്ന ബൽത്തങ്ങാടിയുടെ വിശ്വാസമണ്ണിലേക്ക് പുതിയ ഇടയനെത്തുന്നത് സന്പൂർണ കർഷക കുടുംബത്തിന്റെ പാരന്പര്യവും പേറിയാണ്. 1960ൽ കൂത്താട്ടുകുളത്തുനിന്ന് ബൽത്തങ്ങാടിയിലെ കളഞ്ച വില്ലേജിലേക്ക് കുടിയേറിയ കർഷകരായ പട്ടേരിൽ ഏബ്രഹാം- റോസമ്മ ദന്പതികളുടെ ഏഴു മക്കളിൽ ആറാമത്തെ മകനായിട്ടായിരുന്നു 1962 ജൂലൈ 27 ന് നിയുക്ത മെത്രാൻ മോൺ. ജയിംസ് പട്ടേരിലിന്റെ ജനനം.
സഹോദരങ്ങളെല്ലാം ഇപ്പോഴും സജീവ കർഷകർ. കർഷക പുത്രനായതു കൊണ്ടുതന്നെ പാവങ്ങളോടുള്ള അനുകന്പയും അവരെ മനസിലാക്കി അവർക്കുവേണ്ടി പ്രവർത്തിക്കാനുള്ള മനസുമാണ് അദ്ദേഹത്തെ ഈ പദവിയിലേക്ക് എത്തിച്ചതെന്ന് കുടുംബക്കാരും നാട്ടുകാരും ഒന്നടങ്കം പറയുന്നു. എപ്പോഴും പാവങ്ങളേക്കുറിച്ചും പാവങ്ങളുടെ പക്ഷത്തുനിന്നും സംസാരിക്കുന്ന, പ്രവർത്തിക്കുന്ന വൈദികനെയാണ് ജയിംസച്ചനിൽ കണ്ടിട്ടുള്ളതെന്ന് ബന്ധുവായ മാത്യു പട്ടേരിലും സഹോദരപുത്രനായ ജയ്സണും ദീപികയോട് പറഞ്ഞു.
അച്ചന്റെ പുതിയ സ്ഥാനലബ്ധിയിൽ പട്ടേരിൽ കുടുംബവും മാതൃ ഇടവകയായ ബട്ടിയാൽ ഇടവകയും കളഞ്ച ഗ്രാമവും ഒന്നടങ്കം ആഹ്ളാദത്തിലാണ്.
ബൽത്തങ്ങാടി മണ്ണിൽ പിറന്ന്, കളിച്ചുവളർന്ന ആ മണ്ണിലേക്ക് വീണ്ടുമുള്ള അച്ചന്റെ വരവ് സഭാമക്കളുടെ നായകനായിട്ടാണ്. മാതാപിതാക്കളിൽനിന്നും സഹോദരങ്ങളിൽനിന്നും പകർന്നുകിട്ടിയ വിനയവും കുലീനതയും കൈമുതലായി വിശ്വാസപ്രഘോഷണം ജീവിതവ്രതമാക്കിയ മോൺ. പട്ടേരിൽ ബൽത്തങ്ങാടിയുടെ രണ്ടാമത്തെ ബിഷപ്പാകാനുള്ള നിയോഗമാണ് ഏറ്റെടുത്തിരിക്കുന്നത്.
ഈ സൗഭാഗ്യനിമിഷത്തിൽ പങ്കാളികളാകാൻ മാതാപിതാക്കളും ഒരു സഹോദരനും ഇന്ന് ജീവിച്ചിരിപ്പില്ല. മറ്റ് സഹോദരങ്ങളെല്ലാം ജയിംസച്ചന്റെ മെത്രാഭിഷേക നിമിഷത്തിനായി സന്തോഷത്തിലും പ്രാർഥനയിലുമാണ്.
മേരി, ജോൺ, പരേതനായ ജോസഫ്, റോസമ്മ, ഏബ്രഹാം , സെബാസ്റ്റ്യൻ എന്നിവരാണ് ജയിംസച്ചന്റെ സഹോദരങ്ങൾ. പാനാന്പുഴ കുടുംബാംഗമാണ് അമ്മ പരേതയായ റോസമ്മ.
അച്ചനൊപ്പം പട്ടേരിൽ കുടുംബത്തിൽനിന്ന് സഹോദരമക്കളും ദൈവവിളിയുടെ വഴിയിലുണ്ട്. സഹോദരൻ ജോണിന്റെ മകൻ ഫാ. ഏബ്രഹാം പട്ടേരിൽ ഇപ്പോൾ ബൽത്തങ്ങാടി രൂപത പ്രൊക്കുറേറ്ററാണ്. ജോസിന്റെ മകൻ ഫാ. ബിനോയ് പട്ടേരിൽ സിഎംഎഫ് ബംഗളൂരു ജാലഹള്ളി ക്ലാരറ്റ് സ്കൂൾ പ്രിൻസിപ്പലാണ്. മകൾ സിസ്റ്റർ റോസ്ന ജോസ് എസ്എച്ച് സന്യസ്തസഭാംഗമാണ്.